കോഴിക്കോട്: ബാങ്ക് അക്കൗണ്ടുകള്‍ കള്ളക്കേസുകളില്‍ കുടുക്കി മരവിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്നു.
ഇതിനകം നിരവധിയാളുകളാണ് വിവിധ ജില്ലകളില്‍ നിന്നായി ഇത്തരം പരാതികളുമായി രംഗത്തെത്തിയിരിക്കുന്നത്.
യു.പി.ഐ ഇടപാട് നടത്തിയവരുടെയൊക്കെ അക്കൗണ്ടുകള്‍ വ്യാജ കേസുകളുടെ ഭാഗമാക്കി മരവിപ്പിച്ച് ബുദ്ധിമുട്ടിക്കുകയാണ്. ബുദ്ധിമുട്ടിലായവര്‍ അന്വേഷിച്ച് ചെല്ലുമ്പോള്‍ അറിയുന്നത് ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പേരില്‍ ഫ്രീസ് ചെയ്യപ്പെടുന്നു എന്നതാണ്. എന്നാല്‍ തങ്ങള്‍ എന്തു തെറ്റുചെയ്തു എന്ന ചോദ്യത്തിന് ബാങ്കധികൃതര്‍ മറുപടി നല്‍കുന്നുമില്ല.
കോഴിക്കോട് ഈങ്ങാപ്പുഴയിലെ യുവാവിന്റെ അക്കൗണ്ടില്‍ നിന്നും മൂന്നരലക്ഷം രൂപയാണ് ഫ്രീസ് ചെയ്തിരിക്കുന്നത്. ഇദ്ദേഹം മൊബൈല്‍ റീച്ചാര്‍ജ് ഡി.ടി.എച്ച് തുടങ്ങിയ സേവനങ്ങള്‍ക്കായി നടത്തുന്ന സ്ഥാപനത്തിന്റെ പേരിലുള്ള അക്കൗണ്ടാണ് കഴിഞ്ഞ മെയ് മാസം മുതല്‍ മുടങ്ങിക്കിടക്കുന്നത്. പണം പിന്‍വലിക്കാനോ മറ്റു ഇടപാടുകള്‍ നടത്താനോ ഇദ്ദേഹത്തിനാകുന്നില്ല.
കോഴിക്കോട്ടെ കണ്ണൂര്‍ റോഡിലുള്ള സ്വകാര്യ ബാങ്കില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ചെന്നപ്പോള്‍ പറയുന്നതു കേള്‍ക്കാന്‍ പോലും ബാങ്കധികൃതര്‍ തയാറായില്ല.
പഞ്ചാബില്‍ ഇത്തരം കേസുകളുണ്ടെന്നും അതിന്റെ പേരിലാണ് തന്റെ ഇടപാടും ഫ്രീസ് ചെയ്തിരിക്കുന്നതെന്നും ബാങ്കധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇദ്ദേഹത്തിനെതിരേ മറ്റൊരു നടപടിയുമുണ്ടായിട്ടില്ല. പിന്നീട് സ്വര്‍ണം പണയപ്പെടുത്തിയാണ് ഇദ്ദേഹം സ്ഥാപനം മുന്നോട്ടുകൊണ്ടുപോയത്.
ഇതുപോലെ യു.പി.ഐ ഇടപാട് നടത്തിയെന്നതിന്റെ മാത്രം പേരില്‍ നിരവധി പേരാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടിരിക്കുന്നത്.




