അമ്മാവനും മരുമകനും ഗള്‍ഫില്‍ ഒരേദിവസം മരിച്ചു; ‘ഒരു കുടുംബത്തില്‍നിന്ന് അന്നം തേടിപ്പോയ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഒരേദിവസം വന്നെത്തുന്ന അവസ്ഥ’; വൈകാരിക കുറിപ്പുമായി അഷ്‌റഫ് താമരശ്ശേരി

0
2719

രാത്രി ഉറങ്ങാന്‍ കിടന്ന അമ്മാവന്‍ ഉറക്കത്തില്‍ മരിച്ചു. മരണാനന്തര നടപടിക്രമങ്ങള്‍ നടത്തുന്നതിനിടെ മരുമകനും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു

കോഴിക്കോട്: അമ്മാവനും മരുമകനും ഗള്‍ഫില്‍ ഒരേദിവസം മരിച്ച അനുഭവം പങ്കുവെച്ച്‌ അഷ്‌റഫ് താമരശ്ശേരി. ഒരേ മുറിയില്‍ താമസിച്ചിരുന്നവരാണ് ഇരുവരും. രാത്രി ഉറങ്ങാന്‍ കിടന്ന അമ്മാവന്‍ ഉറക്കത്തില്‍ മരിച്ചു. മരണാനന്തര നടപടിക്രമങ്ങള്‍ നടത്തുന്നതിനിടെ മരുമകനും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ നാട്ടിലേക്ക് അയച്ചു. ഇതില്‍ രണ്ട് പേര് ബന്ധുക്കളായിരുന്നു. ഒരേ മുറിയില്‍ താമസിച്ചിരുന്ന അമ്മാവനും മരുമകനും. രാത്രി ഉറങ്ങാന്‍ കിടന്ന ഇദ്ദേഹം രാവിലെ ഉണര്‍ന്നില്ല. മരണം ഉറക്കത്തില്‍ ഇദ്ദേഹത്തെ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വന്ന് കൂട്ടിക്കൊണ്ട് പോയി. മരണ വിവരം അറിഞ്ഞു നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കെ ഉച്ചയോട് കൂടി ഇദ്ദേഹത്തിന്റെ തന്നെ മുറിയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ പെങ്ങളുടെ മകനും മരണം സംഭവിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. ഒരേ മുറിയില്‍ ചിരിച്ചും കളിച്ചും സന്തോഷങ്ങളും സങ്കടങ്ങളും പരസ്പരം പങ്ക് വെച്ച്‌ കഴിഞ്ഞ രണ്ട് പേര്‍.

ഒരുമിച്ച്‌ ജീവിച്ച്‌ ഒരുമിച്ച്‌ ഭക്ഷണം കഴിച്ചിരുന്ന അമ്മാവനും ഒരേ ദിവസം മരണത്തിലേക്ക് യാത്രയായി. ഉറങ്ങിക്കിടന്ന പ്രിയപ്പെട്ട അമ്മാവന്റെ മരണം നടന്ന് ഏതാനും സമയം പിന്നിടുമ്ബോഴേക്ക് മരുമകനേയും തേടി അതേ മുറിയില്‍ മരണത്തിന്റെ മാലാഖ വന്നു. ഒരുപാട് സ്വപ്നങ്ങളും പേറി പ്രവാസ ലോകത്ത്‌ എത്തിയ ബന്ധുക്കളായ പ്രവാസികള്‍. അന്ത്യ യാത്രയും ഒരുമിച്ചായി. ഒരു കുടുംബത്തിലേക്ക് അന്നം തേടിപ്പോയ രണ്ട് പേരുടെ മൃതദേഹങ്ങള്‍ വന്നെത്തുന്ന സങ്കടകരമായ അവസ്ഥ. ഈ കുടുംബത്തിന് ഇത് സഹിക്കാവുന്നതിലും ഏറെയായിരിക്കും. അകത്തേക്ക് എടുക്കുന്ന ശ്വാസം അവസാനത്തേതാണോ എന്ന് നമുക്ക് അറിയാന്‍ കഴിയില്ലല്ലോ. മരണം ഒരുനാള്‍ വന്ന് വിളിക്കുമ്ബോള്‍ ഉടുത്ത വസ്ത്രത്തോടെ സമയമോ സാഹചര്യങ്ങളോ നോക്കാതെ ഇറങ്ങിപ്പോയേ പറ്റൂ.

നമ്മില്‍ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങള്‍ക്ക് ദൈവം തമ്ബുരാന്‍ അനുഗ്രഹങ്ങള്‍ ചൊരിയുമാറാകട്ടെ അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ക്ഷമയും സഹനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക