ലോക്സഭാ തിരഞ്ഞെടുപ്പിൽ നടൻ ഉണ്ണി മുകുന്ദൻ പാലക്കാട്‌ ബിജെപി സ്ഥാനാർത്ഥിയാകാൻ സാധ്യത

0
1919

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ അടുത്ത്‌ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നടൻ ഉണ്ണി മുകുന്ദൻ ബിജെപി സ്ഥാനാർത്ഥിയായേക്കും.

ഹിന്ദു വോട്ട് ഏകീകരിക്കുന്നതോടൊപ്പം ഉണ്ണി മുകുന്ദന്റെ ജനപ്രിയതയും വോട്ടായി മാറുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. അതേസമയം, കഴിഞ്ഞ തവണ മത്സരിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിന് ഇക്കുറിയും അവസരം നൽകണമെന്നും പാർട്ടിക്കുളളിൽ അഭിപ്രായമുണ്ട്.

എ ക്ലാസ്സ് മണ്ഡലം ആയത് കൊണ്ട് തന്നെ മികച്ച സ്ഥാനാർത്ഥിയെ ഇറക്കി പാലക്കാട്ടിലൂടെ ലോക്സഭയിൽ അക്കൗണ്ട് തുറക്കാം എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ബിജെപി നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയോജക മണ്ഡലത്തിന് പുറമെ മലമ്പുഴയിലും, ഷൊർണൂരിലും മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതും ബിജെപി ക്യാമ്പിന് ആത്മവിശ്വാസം വർധിപ്പിക്കുകയയാണ്.

ഈ സാഹചര്യത്തിലാണ് നടൻ ഉണ്ണി മുകുന്ദന്റെ പേരുൾപ്പെടെ ബിജെപി പാലക്കാട്ടേക്ക് പരിഗണിക്കുന്നതായി സൂചന ലഭിക്കുന്നത്. ഈ വർഷം ആദ്യം മുതൽ തന്നെ ഉണ്ണിയെ വിവിധ പരിപാടികൾക്കായി ബിജെപി ജില്ലയിൽ എത്തിച്ചിരുന്നു. അടുത്തിടെ ഇറങ്ങിയ മാളികപ്പുറം എന്ന ചിത്രത്തിലൂടെ ഹിന്ദു വിഭാഗങ്ങൾക്കിടയിൽ ഉണ്ണി മുകുന്ദന് പ്രത്യേക സ്വീകാര്യത കൈവന്നിട്ടുണ്ട്. ഇതെല്ലാം ഹിന്ദു വോട്ടർമാരെ സ്വാധീനിക്കാൻ സഹായിക്കുമെന്നും വിജയത്തിലേക്ക് നയിക്കുമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.