റിയാദ്: പ്രതിവർഷം സഊദിയിൽ
ആറേകാൽ ലക്ഷം ലേറെ ടൺ തണ്ണിമത്തൻ ഉൽപാദിപ്പിക്കുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം. ആകെ 23,000 ലേറെ ഹെക്ടർ പ്രദേശത്ത് തണ്ണിമത്തൻ കൃഷി ചെയ്യുന്നു.
രാജ്യത്ത് തണ്ണിമത്തൻ സ്വയംപര്യാപ്തത 99 ശതമാനമായി ഉയർന്നിട്ടുണ്ട്. സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും തണ്ണിമത്തൻ കൃഷിയുണ്ട്.
സുസ്ഥിര ഗ്രാമീണ വികസന പ്രോഗ്രാമിലൂടെ തണ്ണിമത്തൻ ഉൽപാദന കാര്യക്ഷമത വർധിപ്പിക്കാനും ഭക്ഷ്യസുരക്ഷ കൈവരിക്കാനും തണ്ണിമത്തൻ കൃഷി വർധിപ്പിക്കാനും മന്ത്രാലയം ശ്രമിച്ചുവരുന്നു. ഫെബ്രുവരി അവസാനത്തിലാണ് തണ്ണിമത്തൻ കൃഷി സീസൺ ആരംഭിക്കുക. ആറു മാസം വരെ കൃഷി തുടരും. കൃഷി ആരംഭിച്ച് 100 ദിവസത്തിനുള്ളിൽ തണ്ണിമത്തൻ വിളവെടുപ്പ് സമയമാകും. റിയാദ്, അൽജൗഫ്, ഹായിൽ, മക്ക, അൽഖസീം, ജിസാൻ പ്രവിശ്യകളിലാണ് തണ്ണിമത്തൻ കൃഷി പ്രധാനമായുമുള്ളത്.
സൗദിയിൽ രണ്ടു സീസണുകളിലാണ് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്. സെപ്റ്റംബറിൽ ആരംഭിക്കുന്ന കൃഷിയിൽ മഞ്ഞുവീഴ്ചയിൽനിന്ന് സംരക്ഷണം നൽകാൻ കൃഷി സ്ഥലം മൂടിയിടേണ്ടതുണ്ട്. ഫെബ്രുവരി -മാർച്ച് കാലത്തെ രണ്ടാമത്തെ സീസണിൽ 90 മുതൽ 120 ദിവസത്തിനുള്ളിൽ വിളവെടുപ്പ് നടത്താൻ കഴിയും.
വിറ്റാമിനുകളുടെ വലിയ ഉറവിടമായ തണ്ണിമത്തൻ പ്രതിരോധ ശേഷി വർധിപ്പിക്കുകയും മസ്തിഷ്‌കത്തെ സംരക്ഷിക്കുകയും ഹൃദ്രോഗങ്ങളിൽ നിന്നും ക്യാൻസറിൽ നിന്നും നിർജലീകരണത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. തണ്ണിമത്തൻ വിളവെടുപ്പ് സീസണിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തണ്ണിമത്തൻ ഫെസ്റ്റിവലുകളും സംഘടിപ്പിക്കുന്നു.
ഫെസ്റ്റിവലുകളോടനുബന്ധിച്ച് സാംസ്‌കാരിക, വിനോദ, സാമൂഹിക പരിപാടികളും പ്രദർശനങ്ങളും അരങ്ങേറാറുണ്ട്. പ്രാദേശിക കർഷകർക്ക് പിന്തുണയായും കാർഷിക രീതികൾ വികസിപ്പിക്കാനും ശ്രമിച്ച് മന്ത്രാലയം ശിൽപശാലകളും സംഘടിപ്പിക്കാറുണ്ട്. ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ കർഷകരെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സഹായിക്കുകയും ചെയ്യുന്നു.