റിയാദ്: ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ സഊദിയിൽ കഴിഞ്ഞ കൊല്ലം മൂന്നര ലക്ഷത്തോളം പേരുടെ വർധന രേഖപ്പെടുത്തി. വേലക്കാരുടെ എണ്ണം 10.5 ശതമാനം തോതിൽ വർധിച്ച് 36 ലക്ഷമായി.
2021 അവസാനത്തിൽ രാജ്യത്ത് 32.6 ലക്ഷം ഗാർഹിക തൊഴിലാളികളാണുണ്ടായിരുന്നത്. കഴിഞ്ഞ കൊല്ലം വേലക്കാരുടെ എണ്ണത്തിൽ 3,44,000 ഓളം പേരുടെ വർധന രേഖപ്പെടുത്തി. 2019 നു ശേഷം ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വളർച്ചയാണിത്.
2019 ൽ വേലക്കാരുടെ എണ്ണത്തിൽ 12.4 ലക്ഷം പേരുടെ വർധന രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം വേലക്കാരുടെയും ശുചീകരണ തൊഴിലാളികളുടെയും എണ്ണത്തിൽ 3,04,500 ഓളം പേരുടെയും ഹൗസ് ഡ്രൈവർമാരുടെ എണ്ണത്തിൽ 40,900 ഓളം പേരുടെയും പാചകക്കാരുടെയും സപ്ലയർമാരുടെയും എണ്ണത്തിൽ 7,300 ഓളം പേരുടെയും വർധന രേഖപ്പെടുത്തി.
സൗദിയിലെ ആകെ വിദേശ തൊഴിലാളികളിൽ മൂന്നിലൊന്ന് (32.8 ശതമാനം) ഗാർഹിക തൊഴിലാളികളാണ്. സൗദിയിൽ ആകെ 10.99 ദശലക്ഷം വിദേശ തൊഴിലാളികളാണുള്ളത്. ഇക്കൂട്ടത്തിൽ 66.8 ശതമാനം (73.4 ലക്ഷം പേർ) സ്വകാര്യ മേഖലാ ജീവനക്കാരാണ്. സർക്കാർ മേഖലയിൽ 0.4 ശതമാനം പേർ ജോലി ചെയ്യുന്നു. സർക്കാർ സർവീസിൽ 44,100 ഓളം വിദേശികളാണുള്ളത്.
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം ഗാർഹിക തൊഴിലാളികളിൽ 49.5 ശതമാനം ഹൗസ് ഡ്രൈവർമാരാണ്. രാജ്യത്ത് 17.8 ലക്ഷം ഹൗസ് ഡ്രൈവർമാരുണ്ട്. ഗാർഹിക തൊഴിലാളികളിൽ 48 ശതമാനം പേർ വേലക്കാരും ശുചീകരണ തൊഴിലാളികളുമാണ്. ഈ വിഭാഗത്തിൽ പെട്ട 17.3 ലക്ഷം തൊഴിലാളികളുണ്ട്. ഗാർഹിക തൊഴിലാളികളിൽ രണ്ടര ശതമാനം പേർ മറ്റു പ്രൊഫഷനുകളിൽ പെട്ടവരാണ്. ഹോം മാനേജർമാർ, ഹൗസ് ഡ്രൈവർമാർ, വേലക്കാർ-ശുചീകരണ തൊഴിലാളികൾ, പാചകക്കാർ-സപ്ലയർമാർ, ഗാർഡുമാർ, വീടുകളിലെ തോട്ടംതൊഴിലാളികൾ, ഹോം ടൈലർമാർ, ഹോംനഴ്‌സുമാർ, ട്യൂഷൻ ടീച്ചർമാർ-ആയമാർ എന്നീ ഒമ്പതു വിഭാഗം പ്രൊഫഷനുകളിൽ പെട്ട ഗാർഹിക തൊഴിലാളികളാണ് സൗദിയിലുള്ളത്.
കഴിഞ്ഞ കൊല്ലം ഹൗസ് ഡ്രൈവർമാരുടെ എണ്ണം 2.3 ശതമാനം തോതിലും വേലക്കാരുടെയും ശുചീകരണ തൊഴിലാളികളുടെയും എണ്ണം 21.4 ശതമാനം തോതിലും വർധിച്ചു. 2021 അവസാനത്തിൽ ഹൗസ് ഡ്രൈവർമാർ 17.4 ലക്ഷവും വേലക്കാരും ശുചീകരണ തൊഴിലാളികളും 14.2 ലക്ഷവും ആയിരുന്നു. പാചകക്കാരുടെയും സപ്ലയർമാരുടെയും എണ്ണം 13.5 ശതമാനം തോതിൽ വർധിച്ചു. 7,300 പേരുടെ വർധനയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് ഗാർഹിക തൊഴിലാളികളുടെ കൂട്ടത്തിൽ 61,500 ഓളം പാചകക്കാരും സപ്ലയർമാരുമുണ്ട്. മറ്റു പ്രൊഫഷനുകളിൽ പെട്ട ഗാർഹിക തൊഴിലാളികളുടെ എണ്ണം ഒരു പ്രൊഫഷനുകളിലും 5,000 കവിയില്ല. ഇവരുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റം ആകെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തെ കാര്യമായി സ്വാധീനിക്കില്ല.




