വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്; അപകട വിഡിയോ പങ്കുവച്ച് അബുദാബി പോലീസ്

0
2168

അബുദാബി: വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്.
ഇടതുവശത്തെ അതിവേഗ ലെയ്നിൽ നിന്ന് പെട്ടെന്നു വലതു വശത്തെ എക്സിറ്റിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ച വാഹനം ട്രക്കിലിടിച്ച ശേഷം റോഡ് ഡിവൈഡറിൽ തട്ടി അപകടത്തിൽപ്പെടുന്ന വിഡിയോ അബുദാബി പൊലീസ് പുറത്തുവിട്ടു.

ഇത്തരത്തിൽ മറ്റുള്ളവരുടെ ജീവനു ഭീഷണിയുയർത്തി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പായാണ് വിഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. വളരെ പെട്ടെന്നു തന്നെ ഇത് വൈറലാകുകയും ചെയ്തു. നിങ്ങൾക്ക് പോകേണ്ട എക്സിറ്റിലേയ്ക്ക് പ്രവേശിക്കാൻ സാധിക്കില്ലെങ്കിൽ അടുത്ത എക്സിറ്റെടുക്കുകയാണ് വേണ്ടതെന്നു പൊലീസ് വ്യക്തമാക്കി.

അതിവേഗ ലെയ്നിലൂടെ നിങ്ങൾ വാഹനത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് നിങ്ങൾക്ക് വലത് എക്സിറ്റിലേയ്ക്ക് പോകണമെന്ന് മനസിലായത്. മറ്റൊന്നും നോക്കാതെ, ഇൻഡിക്കേറ്റർ പോലും ഉപയോഗിക്കാതെ അതിവേഗത്തിൽ നിങ്ങൾ വലതു വശത്തേയ്ക്ക് ലെയ്നുകൾ മാറിമാറിപ്പോകുന്നു. മറ്റു വാഹനങ്ങളിൽ തട്ടി തട്ടിയില്ല എന്ന അവസ്ഥയിലാണ് ആ മാറ്റം. തീർച്ചയായും ഇത് വളരെ അപകടം പിടിച്ച ഡ്രൈവിങ്ങാണ്. സ്വന്തം ജീവനോടൊപ്പം മറ്റുള്ളവരുടെ ജീവനും ഭീഷണിയുയർത്തുന്ന പരുക്കൻ ഡ്രൈവിങ്.

അബുദാബിയിൽ ഒരു പ്രധാന ഹൈവേയിലെ തിരക്ക് കാണാതെ അശ്രദ്ധമായി എസ്‌യുവി ഒാടിച്ചയാളാണ് അപകടത്തിൽപ്പെട്ടത്. വലതുവശത്തെ അവസാന ലെയ്നിലൂടെ വരികയായിരുന്ന ട്രക്കിലിടിച്ച ശേഷം എക്സിറ്റിലെ റോഡ് ഡിവൈഡറിൽത്തട്ടി വാഹനം മറിയുകയാണുണ്ടായത്. എസ്‌യുവി ഫാസ്റ്റ് ട്രാക്കിൽ നിന്ന് (ഇടത് ലെയ്‌ൻ) അങ്ങേയറ്റത്തെ വലത് ലെയ്‌നിലേക്ക് മാറ്റുന്നത് ട്രാഫിക്കിനെ തന്നെ മന്ദഗതിയിലാക്കുന്നത് ഫോളോ-അപ്പ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് ‘യു കമന്റ്’ സംരംഭത്തിന്റെ ഭാഗമായി പൊലീസ് തയാറാക്കിയ വിഡിയോയിലുണ്ട്.