അബുദാബി: ബഹിരാകാശത്ത് നടന്ന് പുതിയ ചരിത്രം കുറിക്കാൻ 28ന് യുഎഇയുടെ സുൽത്താൻ അൽ നെയാദി നടന്നു കയറും.
ദുബായ് കിരീടാവകാശിയും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ പ്രസിഡന്റുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ, ബഹിരാകാശത്ത് നടക്കുന്ന പത്താമത് രാജ്യമാകും യുഎഇ. നേരത്തേ 7 തവണ സ്പേസ് വാക് നടത്തിയ സ്റ്റീഫൻ ബോവനോടൊപ്പമാണു നെയാദി നടക്കുക. ഇതു നാസ ടെലിവിഷൻ തൽസമയം സംപ്രേഷണം ചെയ്യും. സ്പേസ് വാക്കിനിടെ ബഹിരാകാശ നിലയ സയൻസ് ലബോറട്ടറിയുടെ പുറംഭാഗത്ത് സ്ഥാപിച്ച കമ്യൂണിക്കേഷൻ ഹാർഡ് വെയർ മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പെടെ അറ്റകുറ്റപ്പണിയും നടത്തും.
കൂടാതെ സ്റ്റേഷന്റെ ഊർജ ആവശ്യങ്ങൾക്കായി സോളാർ അറേകളും സ്ഥാപിക്കും. എല്ലാറ്റിനുമായി 6.5 മണിക്കൂറെടുക്കും. നടത്തത്തിനായി 2018 മുതൽ നാസയിൽ നെയാദി കഠിന പരിശീലനം നടത്തിയതായും 2020ൽ വിജയകരമായി കഴിവു തെളിയിച്ചതായും മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ നിലയം ഡയറക്ടർ ജനറൽ സാലിം അൽ മർറി പറഞ്ഞു. സാധാരണയായി അറ്റകുറ്റപ്പണികൾക്കോ പുതിയ ഉപകരണങ്ങൾ പരീക്ഷിക്കുന്നതിനോ അല്ലെങ്കിൽ കടന്നുപോകുന്ന ഉപഗ്രഹങ്ങൾ നന്നാക്കുന്നതിനോ ആണ് രാജ്യാന്തര നിലയത്തിൽനിന്ന് സഞ്ചാരികൾ പുറത്തിറങ്ങാറുള്ളത്.
യുഎസ്, റഷ്യ, യൂറോപ്, കാനഡ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികളെ മാത്രമാണ് നേരത്തെ ബഹിരാകാശ നടത്തത്തിനു തിരഞ്ഞെടുത്തിരുന്നത്. 1998ൽ നിലയം സ്ഥാപിതമായതിനുശേഷം 259 സഞ്ചാരികൾ ബഹിരാകാശത്ത് ഒഴുകി നടന്നിട്ടുണ്ട്.