സിഐഡി ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടി; 4 ഏഷ്യക്കാർക്ക് ജയിൽ ശിക്ഷ

0
1002

പ്രതികളിൽ രണ്ടു പേർ സഹോദരന്മാരാണ്

ദുബൈ: സിഐഡി ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയ കേസിൽ 4 ഏഷ്യക്കാർക്ക് ജയിൽ ശിക്ഷ വിധിച്ചു. ദെയ്റ നായിഫ് ഏരിയയിലെ ഇലക്ട്രോണിക്സ് കമ്പനിയിൽ നിന്ന് 7,09,000 ദിർഹം മോഷ്ടിച്ച സംഭവത്തിലാണ് ഏഷ്യക്കാരായ നാലു പ്രതികൾക്ക് ജയിൽ ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്‍പദമായ സംഭവം. തന്റെ ഇലക്‌ട്രോണിക്‌സ് സ്റ്റോർ നാലു പേർ ചേർന്ന് കൊള്ളയടിച്ചതായി ഉടമ പരാതി നൽകുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിഐഡി ഉദ്യോഗസ്ഥരെന്ന് നടിച്ച് നാലംഗ സംഘം കടയിൽ വന്ന് സേഫ് തുറക്കാൻ നിർബന്ധിച്ചതായി കടയിലെ ജീവനക്കാർ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. തുടർന്ന് 7,09,000 ദിർഹം അവർ തട്ടിയെടുത്തു സ്ഥലം കാലിയാക്കുകയായിരുന്നു. ഉടമ ഓഫീസിലെത്തിയപ്പോൾ മൂന്നു ജീവനക്കാരെയും ഭയന്ന നിലയിലാണ് കണ്ടതെന്ന് പറഞ്ഞു. പണം സൂക്ഷിച്ചിരുന്ന ശൂന്യമായ സെയ്ഫ് തുറന്നു കിടക്കുന്നതും കണ്ടു.

കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നു നിരീക്ഷണ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു. തുടർന്ന് നാലു കവർച്ചക്കാരെ തിരിച്ചറിയുകയും മൂന്നു പേരെ അയൽ എമിറേറ്റിലെ ഒരു ഹോട്ടലിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളുടെ പക്കൽ 6,00,000 ദിർഹം ഉണ്ടായിരുന്നു. ഇത് ഇലക്ട്രോണിക്സ് സ്റ്റോറിൽ നിന്ന് മോഷ്ടിച്ചതാണെന്ന് അവർ സമ്മതിച്ചു. പ്രതികളിൽ രണ്ടു പേർ സഹോദരന്മാരാണ്. കവർച്ചയ്ക്ക് മുമ്പ് ഇവർ ഒട്ടേറെ ദിവസം കടയിൽ നിരീക്ഷണം നടത്തിയിരുന്നു.

ദുബൈ ക്രിമിനൽ കോടതി ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി നാലു പേരെയും രണ്ടു വർഷം തടവിന് ശിക്ഷിച്ചു. നാലാമത്തെയാൾക്ക് ഹാജരാകാതെ തന്നെ ശിക്ഷ വിധിച്ചു. ഇവർക്ക് സംയുക്തമായി 7,09,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു. ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തും

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക