തിരുവനന്തപുരം: അനിൽ
ആന്റണിയുടെ ബിജെപി പ്രവേശനം തെറ്റായെന്നും എനിക്ക് വളരെ വേദനയുണ്ടാക്കിയെന്നും എ.കെ.ആന്റണി. മകന്‍ അനില്‍ കെ.ആന്റണി ബിജെപിയിൽ ചേർന്നതിൽ പ്രതികരണവുമായാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ.കെ.ആന്റണി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്.
അനിലിന്റെ തീരുമാനം വേദനയുണ്ടാക്കിയെന്നും അത് തെറ്റായ തീരുമാനമായെന്നും വ്യക്തമാക്കിയ ആന്റണി എത്രകാലം ജീവിച്ചിരുന്നാലും മരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പമായിരിക്കുമെന്നും ഇനിയൊരിക്കലും അനിലുമായ ചോദ്യങ്ങൾക്കും വിശദീകരണങ്ങൾക്കുമില്ലെന്നും വ്യക്തമാക്കി.
ഇന്ത്യയുടെ ഐക്യത്തിന്റെ ആണിക്കല്ല് ബഹുസ്വരതയും മതേതരത്വവുമാണ്. 2014-ൽ മോഡി സർക്കാർ അധികാരമേറ്റ ശേഷം ആസൂത്രിതമായി നമ്മുടെ അടിസ്ഥാന നയങ്ങളെ, നമ്മുടെ രാജ്യം പ്രാണവായുപോലെ കാത്തുസൂക്ഷിച്ച നയങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഒന്നാം മോഡി സർക്കാറിന്റെ കാലത്ത് കാര്യങ്ങൾ മെല്ലെയായിരുന്നു നീങ്ങിയത്. എന്നാൽ 2019 ൽ രണ്ടാമതും അധികാരത്തിലെത്തിയ മോഡി രാജ്യത്തിന്റെ ഐക്യത്തെ ദുർബലമാക്കാനാണ് നോക്കുന്നത്. സമുദായ സൗഹാർദ്ദം കൂടുതൽ ശിഥിലമാകുന്നു. ഇത് ആപത്കരമാണ്. എന്റെ അവസാന ശ്വാസം വരെ ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ ശക്തമായി ശബ്ദം ഉയർത്തുമെന്നും ആന്റണി വ്യക്തമാക്കി.
ഡൽഹിയിൽ ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് അനിൽ ആന്റണിക്ക് ബിജെപി അംഗത്വം നൽകിയത്. അനിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും രാജ്യത്തിനായി നിലപാട് എടുത്തപ്പോൾ കോൺഗ്രസിൽ അപമാനിക്കപ്പെട്ടെന്നും പിയൂഷ് ഗോയൽ പറഞ്ഞു. ഹൈന്ദവ വിഭാഗക്കാർ അല്ലാത്തവരെ ബിജെപി അംഗീകരിക്കുന്നില്ലെന്ന വിമർശനത്തിനു മറുപടിയാണ് അനിലിന്റെ പാർട്ടി പ്രവേശനമെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി. ബിബിസി ഡോക്യുമെന്‍ററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി കോൺഗ്രസുമായി ഇടഞ്ഞത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽമീഡിയ കോഓർഡിനേറ്റുമായിരുന്നു.