യുഎഇ ഒമാൻ ബസ് അപകടം; ഗുരുതര പരുക്കേറ്റ ഇന്ത്യൻ വിദ്യാർഥിക്കു 11 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

0
1447

ദുബായ്: 2019ൽ
ദുബായിൽ ബസ് അപകടത്തിൽ ഗുരുതര പരുക്കേറ്റ ഇന്ത്യൻ വിദ്യാർഥിക്കു 11 കോടി രൂപ (50 ലക്ഷം ദിര്‍ഹം) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധി.

കോടതി ചെലവും വിദ്യാർഥിക്ക് നൽകണമെന്നു വിധിയിലുണ്ട്. തുക വിദ്യാർഥിയുടെ കുടുംബത്തിനു കൈമാറി. ഹൈദരാബാദ് സ്വദേശിയും റാസൽ ഖൈമയിൽ എന്‍ജിനീയറിങ് വിദ്യാർഥിയുമായിരുന്ന മുഹമ്മദ് ബെയ്ഗ് മിര്‍സ എന്ന യുവാവിനാണു നഷ്ടപരിഹാരം ലഭിച്ചത്. 

ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ് സീനിയർ കൺസൾട്ടന്റ് ഈസാ അനീസ്, അഡ്വ. യു.സി. അബ്ദുല്ല, അഡ്വ. മുഹമ്മദ് ഫാസിൽ എന്നിവരാണു മുഹമ്മദ് ബെയ്ഗ് മിര്‍സയ്ക്കു വേണ്ടി കേസ് നടത്തിയത്. 2019 ‌ജൂണിലായിരുന്നു യുഎഇയെയും ഒമാനെയും ഞെട്ടിപ്പിച്ച ബസ് അപകടം. ഒമാനില്‍ നിന്നു ദുബായിലേക്കു പോവുകയായിരുന്ന ബസ് റാഷിദിയയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

എട്ടു മലയാളികളടക്കം 17 യാത്രക്കാര്‍ മരിച്ചു. പെരുന്നാള്‍ ആഘോഷത്തിനിടെയുണ്ടായ വാഹനാപകടം യുഎഇയിലെ വലിയ വാഹനാപകടങ്ങളിലൊന്നായി. അപകടത്തില്‍ ബസിന്‍റെ ഇടതു മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 31 യാത്രക്കാര്‍ ബസിൽ ഉണ്ടായിരുന്നു.

മിർസ ഖദീർ ബെയ്ഗ്, സമീറ നസീർ ദമ്പതികളുടെ മകനായ മുഹമ്മദ് ബെയ്ഗ് മിർസയ്ക്ക് അപകടം നടക്കുമ്പോൾ 20 വയസായിരുന്നു. റമസാൻ ഈദ് അവധിക്കാലം ബന്ധുക്കളോടൊപ്പം മസ്ക്കത്തിൽ ചിലവഴിച്ചു മടങ്ങവേയായിരുന്നു ജീവിതം തന്നെ മാറ്റി മറിച്ച അപകടം. 2019 ജൂൺ ആറിനു നടന്ന മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയുടെ അവസാന പരീക്ഷയ്ക്കു തയ്യാറെടുക്കാൻ ദുബായിലേയ്ക്കു മടങ്ങുകയായിരുന്നു. ജൂൺ ഒൻപതു മുതലാണ് പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. എന്നാൽ അപകടത്തെ തുടർന്നു യുവാവിന്റെ പഠനം നിലച്ചു. സ്വാഭാവിക ജീവിതം താറുമാറായി. പിന്നീടു രണ്ടര മാസത്തോളം ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് ബെയ്ഗ് 14 ദിവസത്തോളം അബോധാവസ്ഥയിൽ തന്നെയായിരുന്നു. ആശുപത്രിയിൽ നിന്നു പുറത്തിറങ്ങിയ ശേഷം നീണ്ട കാലം പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തേടി.

ഇതിനുശേഷവും മസ്തിഷ്കത്തിനു 50 % സ്ഥിരവൈകല്യം നിലനിൽക്കുന്നതു കാരണം മുഹമ്മദ് ബെയ്ഗ് മിര്‍സയുടെ സാധാരണ ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവിനുള്ള സാധ്യത വളരെ കുറവാണെന്നാണു വിദഗ്ദ ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. മസ്തിഷ്ക ക്ഷതത്തിനു പുറമെ തലയോട്ടിക്കും ചെവിക്കും വായക്കും ശ്വാസകോശത്തിനും കൈകൾക്കും കാലുകൾക്കും സംഭവിച്ച ആഘാതങ്ങളും സ്ഥായിയാണെന്നു ഷാർജ കോടതിയിലെ ഫോറൻസിക് മെഡിക്കൽ വിദഗ്ദർ വിലയിരുത്തിയിരുന്നു. ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ബോധ്യപ്പെട്ടതിന്റ അടിസ്ഥാനത്തിലാണു 50 ലക്ഷം ദിർഹം നഷ്ടപരിഹാരത്തുക നൽകുവാൻ വിധിച്ചത്.

ഒമാൻ സ്വദേശിയായ ബസ് ഡ്രൈവർക്കു ഏഴു വർഷം തടവും മരിച്ച 17 വ്യക്തികളുടെ അനന്തരാവകാശികൾക്കു രണ്ടുലക്ഷം വീതം ദിയാധനവും നൽകാൻ കോടതി വിധിച്ചിരുന്നു. ഏകദേശം ഒന്നര വർഷത്തിലധികം നീണ്ടുപോയ ട്രാഫിക് ക്രിമിനൽ കേസിൽ ഡ്രൈവറുടെ തടവുശിക്ഷ അപ്പീൽ കോടതി ഒരു വർഷമാക്കി ഇളവു നൽകി. ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് മുഖ്യ ഉപദേഷ്ടാവ് ഷരീഫ് അൽ വർദയുടെ മേൽനോട്ടത്തിൽ അഭിഭാഷകരായ ഹസ്സൻ അശൂർ അൽ മുല്ല, ഫരീദ് അൽ ഹസൻ എന്നിവരാണു രണ്ടു വർഷത്തിലധികം ഇൻഷുറൻസ് അതോറിറ്റി മുതൽ സുപ്രീംകോടതി വരെ നടന്ന കേസുകൾക്കു വിവിധ ഘട്ടങ്ങളിൽ ഹാജരായത്. 

പ്രാരംഭ ഘട്ടത്തിൽ യുഎഇ ഇൻഷുറൻസ് അതോറിറ്റി കോടതിയിൽ കേസ് പരിഗണിച്ചെങ്കിലും 10 ലക്ഷം ദിർഹം മാത്രമാണ് നഷ്ടപരിഹാരമായി വിധിച്ചത്. ഇതിനെതിരെ ഹർജിക്കാർ അപ്പീൽ കോടതിയെ സമീപിക്കുകയും നഷ്ടപരിഹാര സംഖ്യ 50 ലക്ഷം ദിർഹമായി വിധി നേടുകയും ചെയ്തു. ഈ വിധി ചോദ്യം ചെയ്തു ഇൻഷുറൻസ് കമ്പനി രണ്ടുതവണ സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും അപ്പീൽ കോടതിയുടെ വിധി ശരിവയ്ക്കുകയാണു ചെയ്തത്. യുഎഇയുടെ ചരിത്രത്തിൽ ഒരിന്ത്യക്കാരനു ലഭിക്കുന്ന ഏറ്റവും വലിയ വാഹനാപകട നഷ്ടപരിഹാര തുകയാണിതെന്നു ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ് പ്രതിനിധികൾ പറഞ്ഞു. ഇവരോടൊപ്പം മിർസ ഖദീർ ബെയ്ഗ്, സമീറ നസീർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

റാഷിദിയ്യ മെട്രോ സ്റ്റേഷന് സമീപത്തു ഉയരമുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ വച്ചിരുന്ന കവാടത്തിലേയ്ക്കു ബസ് ഇടിച്ചു കയറുകയായിരുന്നു. എട്ടു മലയാളികളടക്കം 12 ഇന്ത്യക്കാരും രണ്ടു പാകിസ്ഥാനികൾ, അയർലൻഡ്, ഒമാൻ, ഫിലിപ്പീനി സ്വദേശികള്‍ ഒാരോന്നു വീതവുമാണ് അപകടത്തിൽ മരിച്ചത്. ഡ്രൈവർ ഉൾപ്പടെ 13 പേർക്ക് പരുക്കേറ്റു. പിതാവും മകനും ഉൾപ്പടെയുള്ള മലയാളികളെ പന്നീട് തിരിച്ചറിഞ്ഞു. തലശ്ശേരി സ്വദേശികളായ ചോണോകടവത്ത് ഉമ്മർ (65), മകൻ നബീൽ (25), തിരുവനന്തപുരം സ്വദേശി ദീപകുമാർ (40), തൃശൂർ സ്വദേശികളായ ജമാലുദ്ദീൻ, വാസുദേവൻ വിഷ്ണുദാസ്, കിരൺ ജോണി (വള്ളിത്തോട്ടത്തിൽ പൈലി), കോട്ടയം സ്വദേശി കെ.വിമൽകുമാർ, രാജൻ പുതിയപുരയിൽ എന്നിവരാണു മരിച്ച മലയാളികൾ.