സഊദി – ഇറാൻ വിമാന സർവ്വീസുകൾ പുനഃരാരംഭിക്കുന്നു, എംബസികൾ തുറക്കും; മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്ന തീരുമാനങ്ങൾക്ക് സാക്ഷിയായി ബീജിങ്

0
1746

ബീജിങ്: വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതിനും സഊദിക്കും ഇറാനുമിടയിലുള്ള എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കാനും തീരുമാനിച്ചതായി ഇരു രാജ്യങ്ങളും അറിയിച്ചു. ബീജിങ്ങിൽ ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ഇരു രാജ്യങ്ങളിലെയും വിദേശ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം പ്രഖ്യാപിച്ചത്. സഊദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഹിസ് ഹൈനസ് പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ്, ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ വിദേശകാര്യ മന്ത്രി ഹിസ് എക്സലൻസി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ എന്നിവരാണ് കരാറുകളിൽ ഒപ്പ് വെച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് (വ്യാഴം) ബീജിംഗിൽ ഒപ്പുവച്ച സംയുക്ത പ്രസ്താവനയിൽ ഉദ്യോഗസ്ഥരുടെയും സ്വകാര്യ മേഖലാ പ്രതിനിധികളുടെയും സന്ദർശനങ്ങൾ പുനരാരംഭിക്കുന്നതിനും ചില കരാറുകൾ സജീവമാക്കുന്നതിനും ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് വിസ അനുവദിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ചൈനയുടെ മധ്യസ്ഥതയിൽ കരാർ നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെട്ട വിപുലമായ യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

പരസ്പര വിശ്വാസം വർധിപ്പിക്കുകയും സഹകരണത്തിന്റെ വ്യാപ്തി വിപുലീകരിക്കുകയും മേഖലയിൽ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ കൈവരിക്കുന്നതിന് ഇരു രാജ്യങ്ങളും സംഭാവന നൽകും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിലെ സുരക്ഷാ സഹകരണ കരാർ സജീവമാക്കുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്യാനുള്ള തങ്ങളുടെ താൽപ്പര്യം ഇരുപക്ഷവും ഉറപ്പ് വരുത്തി. സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ശാസ്ത്രം, സംസ്കാരം, കായികം എന്നീ മേഖലകളിലും സഹകരിക്കും. ഇരുരാജ്യങ്ങളുടെയും റിയാദിലും ടെഹ്‌റാനിലുമുള്ള എംബസികളും ജിദ്ദയിലെയും മഷാദിലെയും ജനറൽ കോൺസുലേറ്റുകളും തുറക്കുന്നതിനും സാങ്കേതിക സംഘങ്ങൾ തമ്മിലുള്ള ഏകോപനം തുടരുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും കരാർ കാലയളവിനുള്ളിൽ തങ്ങളുടെ നയതന്ത്ര ദൗത്യങ്ങൾ പുനരാരംഭിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതുൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ തുറക്കും. ഉംറ വിസ ഉൾപ്പെടെ ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് വിസ അനുവദിക്കുന്നതിന് സൗകര്യമൊരുക്കും തുടങ്ങി സുപ്രധാന കാര്യങ്ങൾ ഉൾകൊള്ളുന്ന തീരുമാനങ്ങളാണ് കൈകൊണ്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക