മക്ക: ഹജ്ജ് രജിസ്‌ട്രേഷനുള്ള ഇ-പോർട്ടൽ ദുൽഖഅ്ദ അവസാനം വരെ തുറന്നുകിടക്കുമെന്നും
ആഭ്യന്തര ഹജ് തീർഥാടകർക്ക് നീക്കിവെച്ചതിൽ 40,000 സീറ്റുകൾ ഇനിയും ഒഴിവുള്ളതായി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് വെളിപ്പെടുത്തി.
ആഭ്യന്തര ഹജ് തീർഥാടകരുടെ ആദ്യ ഘട്ട രജിസ്‌ട്രേഷൻ പൂർത്തിയായിട്ടുണ്ട്. ജീവിതത്തിൽ ഇതുവരെ ഹജ് നിർവഹിക്കാത്തവർക്കാണ് ആദ്യ ഘട്ടത്തിൽ ഹജ് രജിസ്‌ട്രേഷന് അവസരം നൽകിയത്. ആകെ സീറ്റുകളിൽ 75 ശതമാനത്തോളം ആദ്യ ഘട്ടത്തിൽ തീർന്നെന്നും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി പറഞ്ഞു.
ജനുവരിയിലാണ് ആദ്യ ഘട്ട ഹജ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഹജ്, ഉംറ മന്ത്രാലയ പോർട്ടലും നുസുക് ആപ്പും വഴി ഹജ് രജിസ്‌ട്രേഷന് അവസരമുണ്ട്. ആദ്യ ഘട്ടം അവസാനിച്ചതോടെ രണ്ടാം ഘട്ട രജിസ്‌ട്രേഷന് തുടക്കമായിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഹജ് കർമം നിർവഹിക്കാത്തവർക്കാണ് ഈ ഘട്ടത്തിൽ ഹജ് രജിസ്‌ട്രേഷന് അവസരമുള്ളത്. ആദ്യ ഘട്ടത്തിൽ പ്രാബല്യത്തിലുണ്ടായിരുന്ന അതേ വ്യവസ്ഥകളാണ് രണ്ടാം ഘട്ട രജിസ്‌ട്രേഷനും നിലവിലുള്ളത്. എന്നാൽ ഈ ഘട്ടത്തിൽ ആദ്യമാദ്യം രജിസ്റ്റർ ചെയ്യുന്നവർക്കുള്ള മുൻഗണന ബാധകമാക്കും. ആദ്യ ഘട്ടത്തിൽ ഈ വ്യവസ്ഥ ബാധകമായിരുന്നില്ല. ഇനിയും 25 ശതമാനം സീറ്റുകൾ കാലിയാണ്.
ഹജിന് അപേക്ഷിക്കുന്നവരുടെ പ്രായം 12 ൽ കുറവാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അപേക്ഷകരുടെ പക്കൽ ചുരുങ്ങിയത് ദുൽഹജ് അവസാനം വരെ കാലാവധിയുള്ള തിരിച്ചറിയൽ കാർഡുണ്ടായിരിക്കണം. രജിസ്റ്റർ ചെയ്തവർ വാക്‌സിൻ വ്യവസ്ഥകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പവരുത്തി ശവ്വാൽ 15 മുതൽ ഹജ് പെർമിറ്റുകൾ അനുവദിച്ചു തുടങ്ങും. കോവിഡ്-19, മെനിഞ്ചൈറ്റിസ്, സീസണൽ ഇൻഫഌവൻസ വാക്‌സിനുകളാണ് തീർഥാടകർ എടുക്കേണ്ടത്.