പുഴയ്ക്ക് മീതെ തീവണ്ടി; തീയിൽ നടുങ്ങി യാത്രക്കാർ, കോച്ചില്‍ കൂട്ടക്കരച്ചില്‍

0
3398

കണ്ണൂർ: തീപടർന്ന് അപായച്ചങ്ങല വലിച്ചപ്പോൾ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ ഡി-1 കോച്ച് കോരപ്പുഴയ്ക്ക് മുകളിലായിരുന്നു. വണ്ടി വേഗംകുറച്ചപ്പോൾ ചിലർ വെളിയിലേക്ക് ചാടിയതായി യാത്രക്കാർ പറയുന്നു. വെപ്രാളത്തിൽ പുഴയിലേക്കാണോ ചാടിയതെന്നും സംശയമുണ്ട് ചിലർക്ക് സാരമായി പൊള്ളിയത് കണ്ട് കോച്ചിൽ കൂട്ടക്കരച്ചിലായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓടുന്ന വണ്ടിയിൽ കാറ്റിൽ തീ ആളിപ്പടർന്നു. സീറ്റും യാത്രക്കാരുടെ വസ്ത്രങ്ങളും കത്തി. ഇതിനിടയിലാണ് കോച്ചിലെ ചിലരെ കാണാതായതെന്ന് യാത്രക്കാർ പറഞ്ഞു.

തീവണ്ടിയിൽ തീപടർന്നത് റെയിൽവേ കൺട്രോൾ മുറിയിൽ ആദ്യം അറിയിച്ചത് കൊയിലാണ്ടി ട്രാക്‌ഷൻ ഡിസ്ട്രിബ്യൂഷൻ സീനിയർ സെക്‌ഷൻ എൻജിനിയർ പ്രിൻസ് ആയിരുന്നു. കോച്ചിലുണ്ടായിരുന്ന അദ്ദേഹത്തിനും ഭാര്യയ്ക്കും പൊള്ളലേറ്റു. സാരമായി പൊളിയതിനെ തുടർന്നു തീപടർന്ന വിവരം അവ്യക്തമായിട്ടാണ് അറിയിച്ചത്. തൃശ്ശൂരിൽനിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്നു പ്രിൻസും ഭാര്യയും.

പരിഭ്രാന്തരായ യാത്രക്കാർ നാല് കോച്ചുകളിലെ അപായച്ചങ്ങല വലിച്ചിരുന്നു ലോക്കോ പൈലറ്റ് എം.പി. മുരളീധരൻ, അസി. ലോക്കോ പൈലറ്റ് എ.ടി. സന്ധ്യ, ഗാർഡ് സുമ തുടങ്ങിയവർ തീവണ്ടി കാര്യങ്ങൾ നിയന്ത്രിച്ചു.

രാത്രി 11.45-ന് കണ്ണൂരിൽ എത്തിയയുടൻ ഡി-1 കോച്ച് റെയിൽവേ സുരക്ഷാസേന സീൽ ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് കണ്ണൂരിൽനിന്ന് എറണാകുളത്തേക്കുള്ള ഇന്റർസിറ്റിയായി ഓടുന്നത് ഈ വണ്ടിയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്ത കടപ്പാട്: മാതൃഭൂമി ഓൺലൈൻ