മാർബർഗ് വൈറസ്: സസൂക്ഷ്മം നിരീക്ഷിച്ച് സഊദി അറേബ്യ, വൈറസിനെ നേരിടാൻ തയ്യാറാണെന്ന് ആരോഗ്യമന്ത്രാലയം

0
2536

റിയാദ്: രാജ്യത്ത് ഇതുവരെ “മാർബർഗ്” വൈറസ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പ്രിവന്റീവ് ഹെൽത്ത് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അസിരി സ്ഥിരീകരിച്ചു. മാർബർഗ്” വൈറസ് എന്തെങ്കിലും സംഭവവികാസങ്ങൾ ഉണ്ടാകുകയാണെങ്കിൽ നേരിടാൻ സഊദി ആരോഗ്യമന്ത്രാലയം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി ആരോഗ്യ മന്ത്രാലയം വേണ്ട നടപടികൾ കൈകൊണ്ടിട്ടുണ്ട്. ആവശ്യമായ ലബോറട്ടറി പരിശോധനകൾ നൽകുകയും ഏതെങ്കിലും സംശയാസ്പദമായ കേസുകൾ കൈകാര്യം ചെയ്യുന്നതിന് സമഗ്രമായ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളങ്ങളും അതിർത്തി ചെക്ക് പോസ്റ്റുകളും ഉൾപ്പെടെ രാജ്യത്തെ പ്രവേശന കവാടങ്ങളിൽ ഇത്തരം സംശയാസ്പദമായ കേസുകളെ കൈകാര്യം ചെയ്യുന്നതിൽ പ്രാഥമിക പ്രതികരണവുമായി ബന്ധപ്പെട്ടു ആരോഗ്യ പ്രവർത്തകർക്ക് തീവ്രപരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പല കാരണങ്ങളാൽ ഈ വൈറസിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാരകമായ എബോള വൈറസിനോട് സാമ്യമുള്ളതാണ് ഈ വൈറസ്. വവ്വാലുകളാണ് ഇത് എത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വൈറസ് കഠിനമായ ഹെമറാജിക് പനിക്ക് കാരണമാകുന്നു. വൈറസ് ബാധിച്ച പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ, രോഗബാധിതരായ ശരീരസ്രവങ്ങൾ കൈകാര്യം ചെയ്യുന്നവർ, രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നവർ എനിവരിലാണ് ആമാർബർഗ് വൈറസ് ബാധിക്കുന്നത്.

5 മുതൽ 10 ദിവസം വരെ ഇൻകുബേഷൻ കാലയളവിന് ശേഷമാണ് ഇതിന്റെ ലക്ഷണങ്ങൾ ആരംഭിക്കുന്നത്. കടുത്ത പനി, തലവേദന, പേശി വേദന, സന്ധി വേദന, ഛർദ്ദിയും വയറിളക്കവും, രക്തസ്രാവത്തിന്റെയും ഒന്നിലധികം അവയവങ്ങളുടെ പരാജയത്തിന്റെയും ലക്ഷണങ്ങൾ ഏഴാം ദിവസം ആരംഭിക്കുന്നു, കൂടാതെ വൈദ്യസഹായത്തിന്റെ അഭാവത്തിൽ മരണനിരക്ക് 80% എത്തുകയും കർശനമായ വൈദ്യസഹായം നൽകുമ്പോൾ മരണനിരക്ക് 25% ആയി കുറയുകയും ചെയ്യുന്നു

രോഗം സജീവമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും വവ്വാലുകൾ അടങ്ങിയ ഗുഹകളിൽ വസിക്കുന്ന പ്രദേശത്ത്കാരുമായും രോഗബാധിതരായ ആളുകളുമായും വന്യമൃഗങ്ങളോടും സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കാനും അദ്ദേഹം ഉപദേശിച്ചു. ഈ വൈറസിന് ഇതുവരെ അംഗീകൃത വാക്സിൻ കണ്ടെത്തിയിട്ടില്ല. ജർമ്മൻ നഗരമായ മാർബർഗിലെ ഒരു ലബോറട്ടറി ഉൾപ്പെടെ ആഫ്രിക്കൻ പച്ച കുരങ്ങുകളെ കൈകാര്യം ചെയ്യുന്ന ലബോറട്ടറികളിലെ നിരവധി അണുബാധകൾ നിരീക്ഷിച്ചതിന് ശേഷമാണ് 1967 ൽ ഇത് കണ്ടെത്തിയതെന്നും അതിന്റെ പേരിലാണ് വൈറസിന് പേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

മാർബർഗ് വൈറസ് ബാധയെത്തുടർന്ന് ഗിനിയയിലേക്കും ടാൻസാനിയയിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് സഊദി അറേബ്യയുടെ പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) ആവശ്യപ്പെട്ടിട്ടുണ്ട്. സമാനമായ യാത്രാ നിയന്ത്രണ നിർദേശം ഒമാനും പുറത്തിറക്കിയിട്ടുണ്ട്. അത്യാവശ്യമല്ലാതെ” ഇരുരാജ്യങ്ങളിലേക്കും യാത്ര ചെയ്യരുതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയ മുന്നറിയിപ്പിൽ ആവശ്യപ്പെട്ടു. യുഎഇ, കുവൈത് എന്നീ രാജ്യങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക