റിയാദ്/മസ്‌കറ്റ്: മാർബർഗ് വൈറസ് ബാധയെത്തുടർന്ന് ഗിനിയയിലേക്കും ടാൻസാനിയയിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് സഊദി അറേബ്യയുടെ പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) ജനങ്ങളോട് ആവശ്യപ്പെട്ടു. മാർബർഗ് വൈറസ് രോഗം നിയന്ത്രണവിധേയമാകുന്നതുവരെ ഗിനിയയിലേക്കും ടാൻസാനിയയിലേക്കും യാത്ര ചെയ്യരുതെന്ന് വിഖായ നിർദേശിച്ചു. ഈ രണ്ട് രാജ്യങ്ങളിലും ഉള്ളവർ, പ്രാദേശിക ആരോഗ്യ അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനൊപ്പം ആരോഗ്യ മന്ത്രാലയവും വിഖായയും നിർദേശിക്കുന്ന പ്രതിരോധ നടപടികൾ പിന്തുടരണമെന്നും വിഖായ ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. ഗിനിയയിലെയും ടാൻസാനിയയിലെയും ആരോഗ്യ കേന്ദ്രങ്ങൾ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശങ്ങളെന്ന് വിഖായ ഔദ്യോഗിക സ്രോതസ്സ് പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രോഗം പകരുന്ന പ്രാദേശിക ഏരിയകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് വിഖായ അഭ്യർത്ഥിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും പരിചരണം തേടണമെന്നും നിർദേശമുണ്ട്. രോഗബാധയുള്ള പ്രദേശങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ സഊദിയിൽ തിരിച്ചെത്തി 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ഐസൊലേഷനിൽ പോകണമെന്നും 937 എന്ന ആരോഗ്യ മന്ത്രാലയ കോൾ സെന്ററുമായി ബന്ധപ്പെടണമെന്നും വിഖായ പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കി.
സമാനമായ യാത്രാ നിയന്ത്രണ നിർദേശം ഒമാനും പുറത്തിറക്കിയിട്ടുണ്ട്. അത്യാവശ്യമല്ലാതെ” ഇരുരാജ്യങ്ങളിലേക്കും യാത്ര ചെയ്യരുതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയ മുന്നറിയിപ്പിൽ ആവശ്യപ്പെട്ടു. ഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ മരണസംഖ്യ ഒമ്പതിലെത്തിയതായുള്ള ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ മന്ത്രാലയം ചൂണ്ടിക്കാട്ടി.
മാര്‍ബര്‍ഗ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ ഇക്വറ്റോറിയല്‍ ഗിനിയയിലേക്കും ടാന്‍സാനിയയിലേക്കും യാത്ര ചെയ്യുന്നതിനെതിരെ യുഎഇ വിദേശകാര്യമന്ത്രാലയവും കുവൈറ്റ് ആരോഗ്യ മന്ത്രാലയവും നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഈ രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്ന് ട്വിറ്ററിലൂടെ യുഎഇ അഭ്യര്‍ത്ഥിച്ചു
ആഫ്രിക്കയിൽ മുമ്പുണ്ടായ നിരവധി മരണങ്ങൾ ഉണ്ടാക്കി, നാശം വിതച്ച എബോള ഉൾപ്പെടുന്ന ഫിലോവൈറസ് കുടുംബത്തിന്റെ ഭാഗമാണിത്. കഴിഞ്ഞയാഴ്ച, ടാൻസാനിയ മാർബർഗിൽ നിന്ന് അഞ്ച് മരണങ്ങൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഉഗാണ്ടയുടെ അതിർത്തിയായ കഗേരയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലേക്ക് ദ്രുത പ്രതിരോധ സംഘത്തെ അയച്ചതിന് ശേഷം വ്യാപനം നിയന്ത്രണവിധേയമാണെന്ന് വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. .
നിലവിൽ മാർബർഗ് വൈറസ് ബാധക്ക് വാക്സിനുകളോ ആൻറിവൈറൽ ചികിത്സകളോ ഇല്ല. എന്നാൽ രോഗപ്രതിരോധ തെറാപ്പി ചികിത്സകൾ, ഡ്രഗ് തെറാപ്പി ചികിത്സകൾ എന്നിവയുൾപ്പെടെയുള്ള സാധ്യതയുള്ള ചികിത്സകളും നേരത്തെയുള്ള കാൻഡിഡേറ്റ് വാക്സിനുകളും ഫലപ്രദമാണെന്ന് വിലയിരുത്തപ്പെടുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക