മക്കയിലേയ്ക്ക് തീർഥാട പ്രവാഹം; ഒരാഴ്ചക്കിടയിൽ എത്തിയത് രണ്ടര ലക്ഷത്തോളം വിദേശ തീർഥാടകർ

0
796

മക്ക: മക്കയിലേയ്ക്ക് തീർഥാട പ്രവാഹം. റമദാനിലെ ജുമാ നമസ്കാരത്തിലും ഉംറ നിർവ്വഹിക്കുന്നതിനുമായി സ്വദേശികളും വിദേശികളുമായി ലക്ഷങ്ങളാണ് മക്കയിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. 

വെള്ളിയാഴ്ചത്തെ ജുമാ നമസ്കാരത്തിന് ഹറം പള്ളിയിൽ ഇമാം യാസിർ അൽ ദോസരി നേതൃത്വം വഹിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ഒഴുക്കും ഗണ്യമായി വർധിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടയിൽ തന്നെ രണ്ടര ലക്ഷത്തോളം വിദേശ തീർഥാടകരാണ് സന്ദർശനത്തിനും തീർഥാടനത്തിനുമായി എത്തിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ആഭ്യന്തര, രാജ്യാന്തര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും തിരക്ക് വർധിച്ചിട്ടുണ്ട്. തീർഥാടകർക്കും സന്ദർശകർക്കും എറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനായി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൂടുതൽ പേരെ ഏർപ്പെടുത്തിയിട്ടുണ്ട്.

ജിദ്ദ വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനൽ, നോർത്ത് ടെർമിനൽ, ഹജ്–ഉംറ ടെർമിനൽ കോംപ്ലക്‌സ് എന്നിവിടങ്ങളിലേയ്ക്ക് യാത്രക്കാരെ കടത്തിവിടുന്നതിന് വഴികാട്ടുന്ന പോയിന്റുകൾ സ്ഥാപിച്ചു. യാത്രാ നടപടികൾ എളുപ്പമാക്കാൻ സഹായിക്കുന്ന കാര്യങ്ങളെക്കുറിച്ച് യാത്രക്കാർക്കുള്ള ബോധവൽക്കരണം സമൂഹ മാധ്യമങ്ങൾ വഴി നടത്തുന്നുണ്ട്. വ്യത്യസ്ത ഭാഷകളിൽ യാത്രക്കാരുടെ ഫോണുകളിലേയ്ക്ക് ബോധവൽക്കരണ സന്ദേശങ്ങളും അയക്കുന്നു.

 

ഒന്നാം നമ്പർ ടെർമിനലിലെ ഹറമൈൻ റെയിൽവെ സ്റ്റേഷൻ അടക്കം ഉംറ തീർഥാടകർക്ക് പ്രയോജനപ്പെടുത്താവുന്ന വ്യത്യസ്ത പൊതുഗതാഗത സംവിധാനങ്ങൾ വിമാനത്താവളത്തിലുണ്ട്. ജിദ്ദ എയർപോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് മക്കയിലേയ്ക്കും മദീനയിലേയ്ക്കും പ്രതിദിനം 16 സർവീസുകൾ വീതം നടത്തുന്നു. ഇതിനു പുറമെ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലേയ്ക്ക് സൗജന്യ ബസ് ഷട്ടിൽ സർവീസുമുണ്ട്. എയർപോർട്ട് ടാക്‌സിയും തീർഥാടകർക്കും യാത്രക്കാർക്കും പ്രയോജനപ്പെടുത്താവുന്ന വിധം ക്രമീകരിച്ചിരിക്കുന്നു.

രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് ഉംറ ഏജൻസികൾ മുഖേനയും ഒറ്റയ്ക്കും കൂട്ടമായും കുടുംബമായും നിരവധി പേരാണ് ദിവസവും മക്കയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ജിദ്ദയിലുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഹറമൈന്‍ അതിവേഗ ട്രെയിനിന്റെ ടിക്കറ്റ് ചാർജ് കുറച്ചു. മക്കയ്ക്കും ജിദ്ദയ്ക്കുമിടയില്‍ 23 റിയാലിന് യാത്ര ചെയ്യാം. മസ്ജിദുല്‍ ഹറമിലേയ്ക്ക് ബസുകൾ ഉള്ളതിനാല്‍ സുലൈമാനിയ സ്റ്റേഷനാണ് അവര്‍ക്ക് ഏറ്റവും സൗകര്യപ്രദം. തിരക്കുള്ള സമയങ്ങളില്‍ മക്ക മദീന സര്‍വീസുകള്‍ വര്‍ധിപ്പിക്കും. എല്ലാ സ്റ്റേഷനുകളിലും ഉംറ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മക്കക്കും മദീനക്കുമിടയിലെ ട്രെയിൻ സർവീസുകളുടെ എണ്ണവും വർധിപ്പിച്ചു.

ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ.
മക്കയിലെ റുസൈഫ സ്‌റ്റേഷനിൽ നിന്ന് വലിയ പള്ളിയിലേയ്ക്ക് തീർഥാടകരെ എത്തിക്കാൻ ബസ് സർവീസുകളുണ്ടാകും. റമസാനിൽ മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള പ്രതിദിന ട്രെയിൻ ട്രിപ്പുകളുടെ എണ്ണം ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ മാനേജ്‌മെന്റ് 100 ആയി ഉയർത്തി. മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ നിന്നും മദീനയിലെ പ്രവാചകന്റെ പള്ളിയിൽ നിന്നു ജിദ്ദ നഗരത്തിലേക്കും കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലേക്കുള്ള സന്ദർശകരുടെയും തീർഥാടകരുടെയും എണ്ണം വർധിച്ചുവരികയാണ്. ജിദ്ദ, റാബിഗ് വഴി മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന റെയിൽവേ സർവീസ് ആരംഭിച്ചതിന് ശേഷം ഇതുവരെ 25,000-ലേറെ ട്രിപ്പുകൾ നടത്തി.

റമസാൻ അവസാന പത്തിലെത്തുമ്പോൾ ആഭ്യന്തര രാജ്യാന്തര തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. തിരക്ക് മുൻകൂട്ടിക്കണ്ട് ചുമതലപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ റമസാനിലെ ഒരോ പത്തു നാളിലേയ്ക്കുമായി പ്രത്യേക പ്രവർത്തന പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്. 

ഇരു ഹറമുകളിലുമായി പരിപൂർണ ശേഷിയിൽ കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളാനുള്ള എല്ലാ ഒരുക്കവും നേരത്തെ പൂർത്തിയാക്കി. നമസ്കാര പായകളും മുസ്ഹഫുകളും പരവതാനികളും ലഭ്യമാക്കുകയും സംസം ജലവിതരണത്തിനായി കൂടുതൽ സ്ഥലങ്ങൾ ഒരുക്കി. ഹറമിലെ മുഴുവൻ ഭാഗങ്ങളും ശുചിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും ഏറ്റവും പുതിയ സംവിധാനങ്ങളാണുള്ളത്. ശുചീകരണത്തിന് ധാരാളം ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. തീർഥാടകർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനും കൂടുതൽ ആളുകളുടെ സേവനം ലഭ്യമാക്കിയിരിക്കുന്നു.

തിരക്ക് കുറക്കാനും കൂടുതൽ ആളുകൾക്ക് ഉംറക്ക് അവസരമൊരുക്കാനുംവേണ്ടി ഒരാൾക്ക് ഒരു ഉംറയ്ക്ക് മാത്രമാണ് അനുമതി. ആവർത്തിച്ചുള്ള ഉംറ അനുവദിക്കില്ലെന്ന് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. റമസാനിലെ അവസാന പത്തിലേയ്ക്കുള്ള ഉംറ ബുക്കിങ് തുടങ്ങിയതായി ഹജ് – ഉംറ മന്ത്രാലയം അറിയിച്ചു. നുസ്‌ക്, തവക്കൽനാ ആപ്പുകളിലൂടെ വേണം ബുക്കിംഗ് നടത്താൻ. നിശ്ചിത തിയതിയും സമയവും എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.