പ്രവേശന വിലക്കുള്ള സമയങ്ങളിൽ പെർമിറ്റുകൾ നേടി ലോറികൾക്ക് ജിദ്ദയിലും റിയാദിലും പ്രവേശിക്കാം

0
1058

റിയാദ്: റിയാദിലും ജിദ്ദയിലും പ്രവേശന വിലക്കുള്ള സമയങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്ത് പെർമിറ്റുകൾ നേടി ലോറികൾക്ക് പ്രേവശിക്കാമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.

റമദാനിൽ തിരക്കേറിയ സമയങ്ങളിൽ റിയാദിലും ജിദ്ദയിലും ലോറികൾ പ്രവേശിക്കുന്നത് ട്രാഫിക് ഡയറക്ടറേറ്റ് വിലക്കിയിട്ടുണ്ട്. ചരക്ക് ഗതാഗത മേഖലയിൽ പ്രവർത്തിക്കാൻ ലൈസൻസുള്ള കമ്പനികൾക്ക് പൊതുഗതാഗത അതോറിറ്റിക്കു കീഴിലെ നഖ്ൽ പോർട്ടൽ വഴി വിലക്കുള്ള സമയങ്ങളിൽ ജിദ്ദയിലും റിയാദിലും പ്രവേശിക്കാനുള്ള അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.

ഇതുപ്രകാരം വിലക്കുള്ള സമയങ്ങളിൽ ലോറികൾക്ക് നഗരങ്ങളിൽ പ്രവേശിക്കാനും പ്രത്യേകം നിർണയിച്ച റൂട്ടുകളിലൂടെ സഞ്ചരിക്കാനും സാധിക്കും.
പ്രധാന നഗരങ്ങളുടെ പ്രവേശന കവാടങ്ങളിൽ ചരക്കു ലോറികൾ കാത്തുകെട്ടിക്കിടക്കുന്നത് തടയാനും ലോറികളുടെ ഒഴുക്ക് ക്രമീകരിക്കാനും ലോജിസ്റ്റിക് മേഖലയിൽ ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും ഉയർത്താനും റോഡുകളിലെ തിരക്ക് കുറക്കാനും ഇ-അപ്പോയിന്റ്‌മെന്റ് സേവനം സഹായിക്കും.

റിയാദിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നു വരെയും വൈകീട്ട് ആറു മുതൽ പുലർച്ചെ രണ്ടു വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് ആറു മുതൽ രാത്രി ഒമ്പതു വരെയും ജിദ്ദയിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് ഏഴു വരെയും രാത്രി ഒമ്പതു മുതൽ പുലർച്ചെ ഒരു മണി വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ ഏഴു വരെയും രാത്രി ഒമ്പതു മുതൽ പുലർച്ചെ മൂന്നു വരെയുമുള്ള സമയങ്ങളിൽ ലോറികൾക്ക് പ്രവേശിക്കാനുള്ള അപ്പോയിന്റ്‌മെന്റുകളാണ് പൊതുഗതാഗത അതോറിറ്റിക്കു കീഴിലെ നഖ്ൽ പോർട്ടൽ വഴി നൽകുന്നത്.