തിരിച്ചറിയാനാവാതെ ഇന്ത്യക്കാരന്റെ മൃതദേഹം മോര്‍ച്ചറിയില്‍ കിടന്നത് അഞ്ചു മാസം

0
2439

റിയാദ്: തിരിച്ചറിയാനാവാതെ ഇന്ത്യക്കാരന്റെ മൃതദേഹം അഞ്ചുമാസമായി മോര്‍ച്ചറിയില്‍. നസീമില്‍ താമസിച്ചിരുന്ന ആന്ധ്രപ്രദേശ് സ്വദേശി ഹനീഫി (30)ന്റെ മൃതദേഹമാണ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ മാസങ്ങളായി കിടന്നത്.

ഒടുവില്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരാണ് ഹനീഫിന്റെ മൊബൈല്‍ ഫോണ്‍ വഴി ബന്ധുക്കളെ തിരിച്ചറിഞ്ഞത്.
2022 ഡിസംബര്‍ 22 നാണ് നസീം പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു ഇന്ത്യക്കാരന്റെ മൃതശരീരം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലുള്ള വിവരം സിദ്ദീഖിനെ അറിയിച്ചത്.

ഇന്ത്യക്കാരനായ ശക്കീബ് എന്നയാളുടെ മൃതദേഹമാണിതെന്നാണ് പോലീസ് രേഖയിലുണ്ടായിരുന്നത്. മരണം നടന്ന റൂം വാടകക്കെടുത്തിരുന്നത് ശക്കീബിന്റെ ഇഖാമയിലായിരുന്നു. മരണപ്പെട്ടയാളെ കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ റൂം എടുത്ത വ്യക്തിയുടെ പേരിലാണ് പോലീസ് മരണം രജിസ്റ്റര്‍ ചെയ്തത്.

മരണം റിപ്പോര്‍ട്ട് ചെയ്ത വ്യക്തിയുടെ നമ്പര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ശക്കീബിന്റെ സ്‌പോണ്‍സറുടെ മൊബൈല്‍ നമ്പര്‍ തരപ്പെടുത്തി. അദ്ദേഹത്തെ വിളിച്ചപ്പോള്‍ തന്റെ തൊഴിലാളി മരണപ്പെട്ടിട്ടില്ലെന്ന് പറഞ്ഞു. ശക്കീബിന്റെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നുറപ്പ് വരുത്തി.
മരിച്ചയാളെ കുറിച്ച് വിവരങ്ങളറിയാന്‍ വിരലടയാളമുള്‍പ്പെടെ മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെനന്ന് പോലീസിനോടപേക്ഷിച്ചു.

വിവരങ്ങള്‍ ലഭിച്ചെങ്കിലും പാസ്‌പോര്‍ട്ട് നമ്പറില്‍ ഒരക്കം കൂടിയത് അഡ്രസ് ലഭിക്കുന്നതിന് തടസ്സമായി. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പോലീസിനെ അറിയിച്ചു. ഇന്ത്യന്‍ എംബസി ചുമതലപ്പെടുത്തിയത് പ്രകാരം സ്റ്റേഷനിലെത്തി മൊബൈല്‍ കൈപറ്റി. മൊബെല്‍ ലോക്കായതിനാല്‍ വിവരങ്ങള്‍ ലഭിക്കില്ലെന്നായി. റീചാര്‍ജ് ചെയ്ത് മൊബെല്‍ ഓപ്പണ്‍ ചെയ്യാനുള്ള പാറ്റേണ്‍ അടയാളം സ്‌ക്രീനില്‍നോക്കി മൊബൈല്‍ ഓണാക്കി. പല നമ്പറുകളിലും വിളിച്ചെങ്കിലും വീട്ടുകാരെ അറിയില്ലെന്നായി. ശേഷം ഇന്ത്യയിലെ നമ്പറുകളില്‍ വിളിച്ച് സഹോദരനുമായി സംസാരിച്ചു. മരണ വിവരം അപ്പോഴാണദ്ദേഹം അറിഞ്ഞത്. തുടര്‍ന്ന് പാസ്‌പോര്‍ട്ട് കോപ്പി ലഭിച്ചു. ആന്ധ്രാ പ്രദേശ് സ്വദേശി ഹനീഫിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു.

ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതിന്റെ വീഡിയോ, തായ്‌ലന്റ് ലോട്ടറി ടിക്കറ്റുകള്‍ ഉള്‍പ്പെടെ വീഡിയോകളും ഫോട്ടോകളും മൊബൈലിലുണ്ട്. ചതിയില്‍പെട്ട് ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നു. ഇഖാമ കാലാവധി തീരുകയും ഹുറൂബാകുകയും ചെയ്തത് കൊണ്ട് ശക്കീബിന്റെ ഇഖാമയിലാണ് റൂം വാടകക്കെടുത്തിരുന്നത്. അദ്ദേഹത്തിന്റെ പേരിലാണ് പോലീസ് മരണം രജിസ്റ്റര്‍ ചെയ്തിതിരുന്നതും.