റമദാനിലെ ആദ്യ വെള്ളി; വിശ്വാസികളെ കൊണ്ട് നിറഞ്ഞ് കവിഞ്ഞ് മക്ക ഹറം, മദീന പ്രവാചക പള്ളികൾ

0
1520

മക്ക/മദീന: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ച ഇരു ഹറമുകളിലും വിശ്വാസ സാഗരം. മക്ക മസ്‌ജിദുൽ ഹറാമിലും മദീന മസ്‌ജിദുന്നബവിയിലും ലക്ഷങ്ങളാണ് റമദാന്റെ ആദ്യ ജുമുഅയുടെ പുണ്യം നുകരാനെത്തിയത്. റമദാനിലെ ആദ്യ വെള്ളിയാഴ്ച്ച ദിനമായ ഇന്നലെ ജുമുഅ നിസ്കാരത്തിൽ പങ്കെടുത്തു പുണ്യം നേടാനായി വിശ്വാസ സമൂഹം രാവിലെ തന്നെ ഹറമുകളിൽ സ്ഥാനം പിടിചിച്ചിരുന്നു. ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ തിക്കിത്തിരക്കിയപ്പോള്‍ ഹറം പള്ളിയുടെ മുറ്റവും കടന്ന് ചുറ്റുമുള്ള നിരത്തുകളും നിറഞ്ഞുകവിഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പള്ളിയുടെ മുകളിലെ മുഴുവൻ തട്ടുകളും താഴ്ഭാഗവും തീർത്ഥാടകരാൽ നിറഞ്ഞു കവിഞ്ഞിരുന്നു. ഗ്രാൻഡ് മോസ്‌കിന്റെ ഇടനാഴികളും മുകളിലും താഴെയുമുള്ള നിലകളും അതിന്റെ അങ്കണങ്ങളും അതിരാവിലെ മുതൽ അതിലേക്ക് ഒഴുകിയെത്തിയ വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു, കൂടാതെ, ഗ്രാൻഡ് മോസ്‌കിന് ചുറ്റുമുള്ള റോഡുകളിലേക്കും ചതുരങ്ങളിലേക്കും പരിസരങ്ങളിലേക്കും ആരാധകരുടെ നിര നീണ്ടു. റമദാനോടനുമ്പന്ധിച്ച് സഊദിയിൽ നിന്നുള്ള വിശ്വാസികളും വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ഉംറ തീർത്ഥാടകരും ഉൾപ്പെടെയുള്ളവർ ആദ്യ വെള്ളിയാഴ്ചയുടെ പുണ്യം നുകരാൻ എത്തിയപ്പോൾ ഹറമും പരിസരവും തിരിയാൻ ഇടമില്ലാത്ത വിധം നിറഞ്ഞിരുന്നു.

മക്കയിലെ മസ്ജിദുൽ ഹറാമിൽ ഹറം പള്ളി ഇമാമും ഖത്വീബുമായ ശൈഖ് ഡോ. ഫൈസൽ ബിൻ ജമീൽ അൽ ഗസാവി ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നൽകി. ഇരു ഗേഹങ്ങളുടയും സുരക്ഷക്കും ലോക സമാധാനത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതം അനുവഭവിക്കുന്ന മുസ്‌ലിം സമൂഹത്തിനു വേണ്ടി പ്രാർത്ഥനയും നടത്തി.
മദീനയിലെ പ്രവാചക പള്ളിയിൽ ഖുതുബ പ്രസംഗത്തിനും നിസ്‌കാരത്തിനും മസ്ജിദുന്നബവി ഇമാമും ഖത്വീബുമായ ശൈഖ് ഡോ. അഹമ്മദ് ബിൻ അലി അൽ-ഹുദൈഫിയും ജുമുഅക്ക് നേതൃത്വം നൽകി.

തീർത്ഥാടക ബാഹുല്യം കണക്കിലെടുത്തു മക്ക ഹറമിലെ വികസനം പൂർത്തിയായ മുഴുവൻ ഭാഗങ്ങളും തീർത്ഥാടകർക്കായി തുറന്നു കൊടുത്തിട്ടുണ്ട്. ഹറം പള്ളിയിലെ മുഴുവൻ സൗകര്യങ്ങളും തീർത്ഥാടകർക്ക് കുറ്റമറ്റ രീതിയിൽ ഉപയോഗിക്കാൻ മുഴുവൻ വാതിലുകളും തുറന്നു കൊടുത്തിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷക്കായി ഇരു ഹറമുകളിലും പ്രത്യേകം സേനയെയും തയ്യാറാക്കി വിന്യസിച്ചിച്ചിരുന്നു. റമദാനിൽ അഷ്ട ദിക്കുകളിൽ നിന്നെത്തുന്ന വിശ്വാസികളുടെ ബാഹുല്യം കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇരു ഹറമുകളിലും ഒരുക്കിയിരിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക