ലോകത്ത് കൂടുതൽ സന്തോഷം അനുഭവിക്കുന്നവരിൽ സഊദി ജനത രണ്ടാം സ്ഥാനത്ത്

0
2527

റിയാദ്: ലോകത്ത് ഏറ്റവും സന്തുഷ്ടരായ പൗരന്‍മാരില്‍ സഊദി അറേബ്യക്ക് രണ്ടാം സ്ഥാനമെന്ന് സര്‍വേ റിപ്പോര്‍ട്ട്. പാരീസ് ആസ്ഥാനമായി 32 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സി ‘ഐപിസോസ് ഗ്‌ളോബല്‍’ നടത്തിയ സര്‍വേയിലാണ് സഊദി അറേബ്യക്ക് ഈ നേട്ടം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏറ്റവും പുതിയ സര്‍വേ പ്രകാരമാണ് സന്തോഷകരമായ ജീവിതം നയിക്കുന്നവരില്‍ സഊദി പൗരന്‍മാര്‍ ഇടം നേടിയത്. രാജ്യത്ത് നടന്ന സര്‍വേയില്‍ പങ്കെടുത്ത 86 ശതമാനം പൗരന്‍മാരും ‘വളരെ സന്തോഷം’ എന്നാണ് സര്‍വേയില്‍ അഭിപ്രായപ്പെട്ടത്.

സന്തുഷ്ടരായ പൗരന്‍മാരില്‍ ഒന്നാം സ്ഥാനം ചൈനക്കാണ്. സര്‍വേയില്‍ പങ്കെടുത്ത 91 ശതമാനവും സന്തുഷ്ടരാണെന്ന് രേഖപ്പെടുത്തി. മൂന്നാം സ്ഥാനം നെതര്‍ലന്‍ഡ്‌സ് നേടി. നാലാം സ്ഥാനം ഇന്ത്യക്കും അഞ്ചാം സ്ഥാനം ബ്രസീലിനുമാണ്. 76 ശതമാനമാണ് അമേരിക്കക്കാരിലെ സന്തോഷ നിരക്ക്. ഹംഗറി, ദക്ഷിണ കൊറിയ, പോളണ്ട് എന്നിവിടങ്ങളിൽനിന്ന് സർവേയിൽ പങ്കെടുത്തവരിലാണ് ഏറ്റവും കുറവ് സന്തോഷമെന്ന് ഇപ്സോസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 50 മുതൽ 60 ശതമാനം വരെയാണ് ഈ രാജ്യക്കാരിലെ സന്തോഷവാന്മാർ. സർവേയിൽ പങ്കെടുത്ത മുതിർന്നവരിൽ നാലിൽ മൂന്ന് പേരും സന്തോഷത്തിലാണെന്ന് അഭിപ്രായപ്പെട്ടതായി സർവേ റിപ്പോർട്ട് വെളിപ്പെടുത്തി.

32 രാജ്യങ്ങളില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ശരാശരി 73 ശതമാനവും ‘സന്തോഷം’ എന്നാണ് രേഖപ്പെടുത്തിയത്. ആഗോള സന്തോഷ സൂചികയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് പോയിന്റ് വര്‍ദ്ധിച്ചതായും സര്‍വേ വ്യക്തമാക്കുന്നു. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായുളള ബന്ധത്തില്‍ സംതൃപ്തരാണെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക