മക്ക: ടെന്നീസ് താരം സാനിയ മിര്‍സ കുടംബ സമേതം മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ചു. മകന്‍ ഇഷാന്‍ മിര്‍സ മാലിക്കും കൂടെയുണ്ടായിരുന്നു.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് താരം ഇക്കാര്യം അറിയിച്ചത്.
മദീനയിലെ പ്രവാചകന്റെ പള്ളി മസ്ജിദുന്നബവയില്‍നിന്നുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്.‘അല്ലാഹുവിന് നന്ദി, നമ്മുടെ ആരാധനകള്‍ അവന്‍ സ്വീകരിക്കട്ടെ’ എന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പായി ചേര്‍ത്തിരിക്കുന്നത്.

ദൈവത്തിനു നന്ദി എന്നാണ് മകന്‍ ഇഷാനൊപ്പമുള്ള സെല്‍ഫിയുടെ അടിക്കുറിപ്പ്. ഇതിനു പുറമെ രാത്രിസമയങ്ങളിലെ ദൈവവുമൊത്തുള്ള പ്രാര്‍ത്ഥനകളാണ് ഏറ്റവും മികച്ചതെന്നും ഹൃദയം കരഞ്ഞുതേടുന്ന സമാധാനം കൊണ്ടുതരാന്‍ ഇത്തവണ റമസാനിനാകട്ടെ എന്നും വ്യത്യസ്ത സ്റ്റോറികളില്‍ അവര്‍ കുറിച്ചു.
കഴിഞ്ഞ മാസം ദുബൈ ടെന്നീസ് ചാംപ്യന്‍ഷിപ്പിലായിരുന്നു സാനിയയുടെ അവസാന മത്സരം. കഴിഞ്ഞ വര്‍ഷം ആദ്യത്തിലാണ് സാനിയ കളിനിര്‍ത്തുന്നതായി പ്രഖ്യാപിച്ചിരുന്നത്. 2022 സീസണിന്റെ അവസാനത്തില്‍ വിരമിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, യു.എസ് ഓപണിന്റെ തൊട്ടുമുന്‍പ് മുട്ടിനു പരിക്കേറ്റതോടെ വിരമിക്കല്‍ നീളുകയായിരുന്നു.
കഴിഞ്ഞ ജനുവരി 26ന് ആസ്‌ത്രേലിയന്‍ ഓപണിലാണ് ഗ്രാന്‍ഡ്സ്ലാം കരിയറിന് വിരാമമിട്ടത്. രോഹണ്‍ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ കിരീടത്തിലൂടെ കരിയര്‍ അവസാനിപ്പിക്കാനുള്ള മോഹങ്ങള്‍ പക്ഷെ ഫൈനലില്‍ ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനിറാഫേല്‍ മാറ്റോസ് സഖ്യം തകര്‍ക്കുകയായിരുന്നു.
ഫെബ്രുവരി 21ന് ദുബൈ ടെന്നീസ് ചാംപ്യന്‍ഷിപ്പായിരുന്നു കരിയറിലെ അവസാന മത്സരം.