ജിദ്ദ: വെള്ളിയാഴ്ച ത്വാഇഫിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് പത്തിരിപ്പാല സ്വദേശിനിയായ സാബിറ (53) അവരുടെ പേരക്കുട്ടികളായ അഭിയാൻ (7), അഹിയാൻ( 4) എന്നിവരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ
സംസ്ക്കരിച്ചു.
ദോഹയിൽ ഹമദ് മെഡിക്കൽ സിറ്റിയിൽ ജീവനക്കാരനായ ഫൈസൽ കുടുംബസമേതം ഉംറക്കായി സൗദിയിലെത്തിയതായിരുന്നു. മക്കയിലേക്കുള്ള യാത്രാമധ്യേ തായിഫ് എത്തുന്നതിന് 73 കിലോമീറ്റർ ബാക്കി നിൽക്കെ അതീഫിലാണ് കാർ മറിഞ്ഞ് അപകടമുണ്ടായത്.
തായിഫിലെ അബ്ദുല്ല ബിൻ അബ്ബാസ് മസ്‌ജിദിനു സമീപമുള്ള ഇബ്‌റാഹീം അൽ ജഫാലീ മഖ്ബറയിലാണ് മൃതദേഹങ്ങൾ ഇന്നലെ അസർ നമസ്‌കാരത്തിന് ശേഷം സംസ്ക്കരിച്ചത്.
നാട്ടിലെയും സൗദിയിലെയും ബന്ധുക്കളും മക്കയിലെയും മദീനയിലെയും സുഹൃത്തുക്കളും പ്രവാസികളും ഉൾകൊള്ളുന്ന വമ്പിച്ച ജനാവലിയാണ് മയ്യിത്ത് നമസ്കാരത്തിലും സംസ്ക്കാര ചടങ്ങിലും പങ്കെടുത്തത്.
കെ.എം.സി.സി ത്വാഇഫ് പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സ്വാലിഹ്, നവോദയ ത്വാഇഫ് നേതാവ് ഷാജി പന്തളം എന്നിവരുടെ നേതൃത്വത്തിൽ സാമൂഹിക, സന്നദ്ധ പ്രവർത്തകർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.