മലയാളി – സോമാലി കുടുംബത്തെ സഹായിക്കാൻ ജിദ്ദയിൽ പ്രവാസി കൂട്ടായ്മ

ജിദ്ദ: മലയാളിയായ പിതാവ് ഉപേക്ഷിച്ച് പോയതിനെ തുടർന്ന് പ്രതിസന്ധിയിലായ ഏഴു മക്കളെ സഹായിക്കുന്നതിന് വേണ്ടി ജിദ്ദയിലെ മലയാളികൾ ‘സാന്ത്വന സ്പർശം’ എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചു. ജിദ്ദ അബീർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജിദ്ദയിലെ വിവിധ സാമൂഹ്യ – സാംസ്‌കാരിക കൂട്ടായ്മ പ്രവർത്തകർ പങ്കെടുത്തു. നിത്യ ജീവിതത്തിന് ബുദ്ധിമുട്ടുന്ന ഈ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി തുടർ പരിപാടികൾ നടത്താൻ തീരുമാനിച്ചു.

അബീർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹ്‌മദ്‌ ആലുങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസലോകത്ത് ഇത്തരം അനുഭവങ്ങൾ ഉണ്ടെങ്കിലും ഈ കുടുംബത്തിന്റെ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവരെ സഹായിക്കാൻ രൂപീകരിച്ച കൂട്ടായ്മയെ അദ്ദേഹം അഭിനന്ദിച്ചു. 7 മക്കളും ഉമ്മയുമടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ സാന്ത്വന സ്പർശം കൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടാകുമെന്നും ഡോ. അഹമ്മദ് അലുങ്ങൽ പറഞ്ഞു. പരിപാടിയിൽ സാന്ത്വന സ്പർശം കൂട്ടായ്മ ചെയർമാൻ മുജീബ് കുണ്ടൂർ അധ്യക്ഷത വഹിച്ചു. വിവിധ സംഘടന നേതാക്കളായ ഷിബു തിരുവന്തപുരം, ശിഹാബ് താമരക്കുളം, കെ. ടി. എ മുനീർ, സലാഹ് കാരാടൻ, സീതി കൊളക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
നാണി ഇസ്ഹാഖ് മാസ്റ്റർ കോട്ടക്കൽ സ്വാഗതവും അബ്ദുറഷീദ് ഓയൂർ നന്ദിയും പറഞ്ഞു. പരിപാടിയിൽ ജിദ്ദയിലെ വിവിധ കലാകാരൻമാർ അണിനിരന്ന ഇശൽ സന്ധ്യയും അരങ്ങേറി.

14 വർഷം മുമ്പാണ് മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുൽ മജീദ് പാണമ്പി എന്നയാൾ സോമാലിയൻ സ്വദേശിയായ ഭാര്യ മുഅ്മിനയെയും ഏഴു മക്കളെയും ഉപേക്ഷിച്ച് നാട്ടിലേക്ക് കടന്നത്. കുട്ടികൾക്ക് സഊദിയിൽ ജീവിക്കുന്നതിനുള്ള രേഖകൾ ഒന്നും ഇല്ല. നിരവധി തവണ ഇവർ നിയമപാലകരുടെ പരിശോധനയിൽ പിടിക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ രണ്ടു ആൺകുട്ടികളെ ഇങ്ങനെ പോലീസ് പിടികൂടി സഊദിയിൽനിന്ന് നാട് കടത്തിയിരുന്നു.

ഷറഫിയ്യയിലെ താമസ സ്ഥലത്ത് നിന്ന് പലഹാരമുണ്ടാക്കി റോഡരികിൽ വിൽപന നടത്തിയാണ് മുഅ്മിന മക്കളെ പുലർത്തിയിരുന്നത്. എന്നാൽ, ഇടയ്ക്കുണ്ടായ അപകടത്തിൽ കാലിന് പരിക്കേറ്റ മുഅ്മിനക്ക് പിന്നീട് ആ ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയായി. ഇപ്പോൾ ജിദ്ദയിലെ സാമൂഹ്യ പ്രവർത്തകരാണ് കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നത്. കൂടുതൽ സഹായം ലഭ്യമാക്കുന്നതിനുള്ള കൂട്ടായ്മയാണ് വ്യാഴാഴ്ച രാത്രി ഷറഫിയ്യ അബീർ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നത്.

അബ്ദുസ്സലാം അച്ഛനമ്പലം, അബ്ദുറസാഖ്‌ മമ്പുറം, അബു കട്ടുപ്പാറ, വഹീദ് സമാൻ, മുനീർ പള്ളിശ്ശേരി, മുബാറക് വാഴക്കാട്, അസീസ് പട്ടാമ്പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.