മലയാളിയായ പിതാവ് ജീവിച്ചിരിക്കെ അനാഥകളായി കഴിയേണ്ടി വരുന്ന സോമാലിയൻ സ്വദേശിനിയെയും ഏഴ് മക്കളെയും സംരക്ഷിക്കുന്നതിനായി ജിദ്ദയിൽ മലയാളികൾ ഒത്തു ചേർന്നു

0
2197

ജിദ്ദ: മലയാളിയായ പിതാവ് ജീവിച്ചിരിക്കെ അനാഥകളായി കഴിയേണ്ടി വരുന്ന സോമാലിയൻ സ്വദേശിനിയെയും ഏഴ് മക്കളെയും സംരക്ഷിക്കുന്നതിനായി ജിദ്ദയിൽ മലയാളികൾ ഒത്തു ചേർന്നു. പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദ് തിരിഞ്ഞ് നോക്കാതായതോടെ താമസരേഖയില്ലാത്തതിനാലും വർധിച്ച വാടകയും മൂലം പുതിയ താമസ സ്ഥലം കണ്ടെത്താനും ഈ കുടുംബം പ്രയാസപ്പെടുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ധനസമാഹരണത്തിൽ ജിദ്ദയിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക ജീവകാരുണ്യ പ്രവർത്തകരും പങ്കാളികളായി.
സാന്ത്വന സ്പർശം എന്ന കൂട്ടായ്മയുടെ നേതൃതത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. മുഹമ്മദ് ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. മുജീബ് കുണ്ടൂർ അധ്യക്ഷത വഹിച്ചു. ഷിബു തിരുവന്തപുരം, ശിഹാബ് താമരക്കുളം, കെ.ടി.എ മുനീർ, നാണി കോട്ടക്കൽ, സലാഹ് കാരാടൻ തുടങ്ങിയവർ പ്രസംഗിച്ചു.

കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി തുടർ പരിപാടികൾ നടത്താൻ തീരുമാനിച്ചു.
ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഉൾപ്പെടെ വിവിധ കൂട്ടായ്മകളും വ്യക്തികളും പരിപാടിയിൽ സാമ്പത്തിക സഹായം കൈമാറി. ജിദ്ദയിലെ വിവിധ ഗായകർ അണിനിരത്തി ഗാനസന്ധ്യയൊരുക്കിയാണ് ധനസമാഹരണത്തിനുള്ള വേദിയൊരുക്കിയത്. പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.

മുഅ്മിനയും ആറ് മക്കളും പേരക്കുട്ടിയും

പതിമൂന്ന് വർഷങ്ങൾക്ക് മുമ്പാണ് സോമാലിയൻ സ്വദേശിയായ ഭാര്യ മുഅ്മിനയേയും ആറ് മക്കളേയും ഉപേക്ഷിച്ച് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദ് ജിദ്ദയിൽ നിന്നും നാട്ടിലേക്ക് പോയത്. ഈ സമയത്ത് ഏഴാമത്തെ കുട്ടിയായ ഹാജറ മുഅ്മിനയുടെ വയറ്റിൽ വളരുന്നുണ്ടായിരുന്നു. ഇയാൾ നാട്ടിലെത്തിയ ശേഷമാണ് മുഅ്മിനയും മക്കളും വിവരമറിയുന്നത്. അതിന് ശേഷം ഇദ്ദേഹം തിരിച്ച് വന്നിട്ടില്ല. ആദ്യ കാലത്തൊക്കെ ഇവരുടെ ദൈനംദിന ചെലവുകളിലേക്കായി അയാൾ സഹായം എത്തിക്കാറുണ്ടായിരുന്നു. പിന്നീട് അതെല്ലാം നിലച്ചു. അന്ന് മുതൽ ഇത് വരെ ഇവരുടെ ജീവിത ചെലവുകൾ വഹിക്കുന്നത് ജീവകാരുണ്യ പ്രവർത്തകനായ അച്ചനമ്പലം സ്വദേശി അബ്ദുൽ സലാമും മുജീബ് കുണ്ടൂരും നേതൃത്വം നൽകുന്ന പത്ത് മലയാളി പ്രവാസികളുടെ കൂട്ടായ്മയായ സാന്ത്വന സ്പർശമാണ്.

പലരും പല തവണ നാട്ടിൽ നിന്നും അബ്ദുൽ മജീദുമായി സംസാരിച്ചുവെങ്കിലും അനുകൂല പ്രതികരണങ്ങളൊന്നും ഉണ്ടായില്ലെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. നാല് പെണ്‍മക്കളും മൂന്ന് ആണ് മക്കളുമാണ് ഇവർക്കുള്ളത്. കുട്ടികൾക്ക് സഊദിയിൽ ജീവിക്കുന്നതിനുള്ള രേഖകൾ ഉണ്ടായിരുന്നില്ല. നിരവധി തവണ ഇവർ നിയമപാലകരുടെ പിടിയിൽ പെടുകയും ചെയ്തു. രണ്ടു ആൺകുട്ടികളെ പോലീസ് പിടികൂടി സഊദിയിൽനിന്ന് തിരിച്ചയച്ചു.

വീട്ടിൽനിന്ന് പലഹാരമുണ്ടാക്കി റോഡരികിൽ വിൽപന നടത്തിയാണ് മുഅ്മിന മക്കളെ പുലർത്തിയിരുന്നത്. എന്നാൽ, ഇടയ്ക്കുണ്ടായ അപകടത്തിൽ കാലിന് പരിക്കേറ്റ മുഅ്മിനക്ക് പിന്നീട് ആ ജോലി ചെയ്യാൻ കഴിയാതെയായി. ഇവരുടെ ജീവിതം വ്യക്തമായി അറിയുന്ന മലയാളികൾ നൽകുന്ന സഹായം ഏറെ വലുതാണ്. ഈ മലയാളികൾ തന്നെ ചേർന്നാണ് പുതിയ സഹായം ഒരുക്കുന്നതും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക