സഊദിയിൽ നിന്നും പോസ്റ്റ് പെയ്ഡ് ബില്ലുകൾ അടക്കാതെ നാട്ടിൽ പോകുന്നവർ ജാഗ്രതൈ !!

0
4002

റിയാദ്: പോസ്റ്റ് പെയ്ഡ് ബില്ലുകൾ അടക്കാതെ നാട്ടിൽ പോകുന്നവർ ജാഗ്രതൈ. പണം കുടിശ്ശിക വരുത്തിയാൽ റീ എൻട്രിയിലോ ഫൈനൽ എക്‌സിറ്റിലോ പോകാൻ സാധിക്കില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം കേസുകളുടെ പേരിൽ ഏതാനും പേരെ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയച്ചു. ശേഷം കോടതിയുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇവർക്ക് നാട്ടിൽ പോകാനായത്.

നാലു വർഷം മുമ്പ് ഒരു കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് കോട്ടയം സ്വദേശി എസ്.ടി.സിയിൽ നിന്ന് പോസ്റ്റ് പെയ്ഡ് സിം എടുത്തത്. ഫൈനൽ എക്‌സിറ്റ് അടിച്ചപ്പോൾ എസ്.ടി.സി ഓഫീസിൽ പോയി കുടിശ്ശികയടച്ചു സിം റദ്ദാക്കാൻ അപേക്ഷ നൽകിയിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു.

മൂന്ന് വർഷത്തിന് ശേഷം പുതിയ വിസയിലെത്തി മറ്റൊരു കമ്പനിയിൽ ജോലിക്ക് കയറി. ഒരു വർഷത്തിന് ശേഷം അവധിയിൽ പോകാനായി ടിക്കറ്റുമെടുത്ത് റിയാദ് വിമാനത്താവളത്തിലെത്തി. തന്റെ പേരിൽ കോടതിയിൽ കേസുള്ളത് കാരണം നാട്ടിൽ പോകാൻ അനുവദിക്കില്ലെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇദ്ദേഹത്തോട് പറഞ്ഞു. തിരിച്ചുവന്ന് നിലവിലെ ഇഖാമയിൽ കേസുകളുണ്ടോയെന്ന് പരിശോധിച്ചു.

കേസുകളൊന്നുമുണ്ടായിരുന്നില്ല. നേരത്തെയുണ്ടായിരുന്ന ഇഖാമ നമ്പറിൽ പരിശോധിച്ചപ്പോഴും പ്രത്യക്ഷത്തിൽ കേസുകളൊന്നും കണ്ടില്ല. തുടർന്ന് തൻഫീദ് കോടതിയിൽ പോയി പുതിയതും പഴയതുമായ ഇഖാമ നമ്പർ പരിശോധിച്ചപ്പോൾ പഴയ ഇഖാമയിൽ എസ്ടിസിയിൽ പണമടക്കാനുണ്ടെന്ന് കോടതി ഉദ്യോഗസ്ഥൻ പറഞ്ഞു. കോടതി പണമടക്കാനുള്ള റഫറൻസ് നമ്പർ നൽകുകയും ചെയ്തു. പണമടച്ച് രണ്ടു മണിക്കൂറിന് ശേഷം കേസ് ഒഴിവാകുമെന്നും അറിയിച്ചിരുന്നു.

അപ്രകാരം പണമടച്ച് മണിക്കൂറുകൾ കാത്തിരുന്നപ്പോൾ കേസ് ഒഴിവായി എന്നുറപ്പുവരുത്തി പുതിയ ടിക്കറ്റെടുത്തു വിമാനത്താവളത്തിലെത്തി. പ്രശ്‌നങ്ങളൊന്നുമില്ലാതെ നാട്ടിൽ പോകാൻ സാധിക്കുകയും ചെയ്തു. എന്നാൽ ആദ്യ ഇഖാമയിൽ എടുത്ത സിം എസ്.ടി.സി ഓഫീസിൽ പോയി കട്ട് ചെയ്തിരുന്നുവെന്നും പിന്നീട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.

പോസ്റ്റ് പെയ്ഡ് വിഭാഗത്തിൽ ടെലികോം സേവനദാതാക്കളിൽ നിന്ന് കൈപറ്റുന്ന സിമ്മുകളും മറ്റും ഇതുവരെ ആരും ഗൗരവത്തിലെടുത്തിരുന്നില്ല.

ഫൈനൽ എക്‌സിറ്റിൽ പോകുമ്പോൾ അത് കാൻസൽ ചെയ്യാനും ആരും തയ്യാറാകലില്ല. എന്നാൽ ഇത്തരം ചെയ്തികൾ ഇനി നിയമക്കുരുക്കിലേക്ക് നയിക്കുമെന്നാണ് പുതിയ നടപടികൾ വ്യക്തമാക്കുന്നത്.