ദോഹ: ഇന്ത്യയുടെ യു പി ഐ സംവിധാനം വഴി നാട്ടിലേക്ക് പണം അയക്കാൻ സൗകര്യമൊരുക്കി കൂടുതൽ ഗൾഫ് ബാങ്കുകൾ. യു പി ഐ പെയ്മെന്റ് സംവിധാനം ഏർപ്പെടുത്തിയതിനാൽ ഇത്തരം ബാങ്കുകളിൽ നിന്ന് നാട്ടിലേക്ക് തടസ്സമില്ലാതെ വേഗത്തിൽ പണം അയയ്ക്കാൻ സാധിക്കും.
ഇന്ത്യയുടെ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫെയ്‌സ് (യുപിഐ) സൗകര്യം ഇപ്പോൾ ഖത്തറിലെ കൊമേഴ്‌സ്യൽ ബാങ്കിലും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
യുപിഐ സൗകര്യം നടപ്പാക്കുന്ന ഖത്തറിലെ ആദ്യ ബാങ്ക് ആണ് കൊമേഴ്‌സ്യൽ ബാങ്ക്.
വെറും കുറഞ്ഞ നിമിഷത്തിനുള്ളിൽ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നതാണ് ഏറെ ശ്രദ്ധേയം. ബെനിഫിഷറി വിഭാഗത്തിൽ പണം ലഭിക്കേണ്ട വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഐഎഫ്എസ്‌സി കോഡോ ഇല്ലാതെ തന്നെ യുപിഐ-ഐഡി ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാമെന്നതും ഏറെ സൗകര്യമാണ്.
ഉപഭോക്താവ് തന്റെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ പ്രവേശിച്ച് യുപിഐ-ഐഡി ക്രിയേറ്റ് ചെയ്യണമെന്ന് മാത്രം. 24 മണിക്കൂറും യുപിഐ പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കാം. വരും മാസങ്ങളിൽ കൂടുതൽ ഗൾഫ് രാജ്യങ്ങളിലും കൂടുതൽ ബാങ്കുകളിലും ഈ സൗകര്യം വരുമെന്നാണ് റിപ്പോർട്ടുകൾ.




