ദുബായ്: ഫോബ്സ് മാഗസിനിന്റെ
വിനോദ രംഗത്തെ മികവ് പുരസ്‌ക്കാരത്തിന് മലയാളി യുവതി അർഹയായി. 30 വയസ്സിന് താഴെയുള്ള 30 പേരുടെ വിനോദ രംഗം (യൂറോപ്പ്) വിഭാഗം 2023ലെ പട്ടികയിലാണ് യുഎഇയിലെ പൂർവ മലയാളി വിദ്യാർഥി നീരജാ രാജും ഇടം നേടിയത്.
നിലവിൽ ലോകപ്രശസ്ത ലണ്ടന്‍ നെക്സസ് സ്റ്റുഡിയോ ഡയറക്ടറായി ജോലി ചെയ്യുന്ന ഇൗ യുവതി ആനിമേറ്ററും സംവിധായികയുമാണ്. നടി സിമോണ തബാസ്കോ, സംഗീതജ്ഞരായ ഹെസ്റ്റർ ചേംബേർസ്, റിയാൻ റ്റീസ് ഡേൽ, ബാകർ, റാപ്പർ സെൻട്രൽ സീ തുടങ്ങിയ പ്രമുഖരാണ് പട്ടികയിലെ മറ്റുള്ളവർ.
ദുബായിൽ സ്വന്തമായി ബിസിനസ് നടത്തുന്ന തൃശൂർ സ്വദേശി രാജ് കുമാർ–സൗമ്യ രാജ് കുമാർ ദമ്പതികളുടെ മകളായ നീരജ രാജാ(28)ണ് വിനോദമേഖലക്ക് മികച്ച സംഭാവനകൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ ശ്രദ്ധേയയായത്.
നീരജ ഒരുക്കിയ ‘ദ് ഗേൾ ഹു ബിൽറ്റ് എ റോക്കറ്റ്’ എന്ന ചിത്രം 2021 ലെ തേർഡ് സെക്ടർ അവാർഡിൽ മികച്ച ചിത്രമായി (ജീവകാരുണ്യവിഭാഗം) തിരഞ്ഞെടുക്കപ്പെടുകയും 2022 ലെ ബ്രിട്ടിഷ് ആനിമേഷൻ അവാർഡുകളിൽ നോമിനേഷൻ നേടുകയും ചെയ്തു. ഒൻപതാമത് ഷാർജ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നീരജ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘എവരിതിങ് ഈസ് ഗുഡ്’ തിരഞ്ഞെടുക്കപ്പെടകയുണ്ടായി. ആനിമേഷൻ വിഭാഗത്തിലാണ് മൂന്നുമിനിറ്റ് ദൈർഘ്യമുള്ള ഇംഗ്ലിഷ് ഹ്രസ്വചിത്രം ഇടം പിടിച്ചത്.
സംവിധായക എന്നതിനുപുറമേ എഴുത്തുകാരിയും ആനിമേറ്ററുമാണ്. മ്യാവൂ ഓർ നെവർ എന്ന ചിത്രം ബാഫ്റ്റ പുരസ്കാരത്തിനും ബ്രിട്ടിഷ് ആനിമേഷൻ പുരസ്കാരത്തിനും നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ബാഫ്റ്റയിൽ ‘യുവ സംവിധായക അവാർഡ്’, രാജ്യാന്തര ‘വിമൻ ഇൻ ആനിമേഷൻ’ മികച്ച ചിത്രം അവാർഡ് എന്നിവ നേടി. നീരജയുടെ സിനിമകൾ ക്ലീവ്‌ലാൻഡ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവൽ, ഷിക്കാഗോ ഇന്റർനാഷനൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ, സിറ്റ്‌ജസ് ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ഒട്ടേറെ ഓസ്കാർ യോഗ്യതാ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു.
ഷാർജയിലെ ഡിപിഎസിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നീരജ, ഇന്ത്യയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ആനിമേഷനിൽ നാലുവർഷത്തെ കോഴ്‌സ് പഠിച്ചു. പ്രവൃത്തിപരിചയം കൂടി നേടിയ ശേഷം യുകെയിലെ നാഷനൽ ഫിലിം ആൻഡ് ടെലിവിഷൻ സ്‌കൂളിൽ ആനിമേഷൻ സംവിധാനവും പഠിച്ചു. നീരജയുടെ ആനിമേറ്റഡ് ഷോർട്ട് ഫിലിം മ്യാവൂ ഓർ നെവർ എന്ന ആശയം ജനിച്ചത് ഇവിടെയാണ്. നേരത്തെ, ദുബായ് എമിറേറ്റ്‌സ് എയർലൈൻസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൽ കഥാ രചനയിൽ ഒന്നാംസ്ഥാനവും കവിതാ രചനയിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. ഗ്ലോബൽ ടാലന്റ് വീസയും (യുകെ), ഗോൾഡൻ വീസയും (യുഎഇ) ലഭിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രം വിവേചനം നേരിടുന്ന ഒരു നേപ്പാളി പെൺകുട്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ആനിമേഷനാണ്. ഇൗ ചിത്രം ഇൗ വർഷം മാർച്ച് 8-ന് രാജ്യാന്തര വനിതാ ദിനത്തിൽ പുറത്തിറങ്ങി.




