മക്ക: റമസാനിലെ ഉംറയ്ക്ക് വിദേശങ്ങളില്‍ നിന്നുള്ള എട്ടു ലക്ഷത്തോളം പേര്‍ നുസുക് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തതായി ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ ശംസ് പറഞ്ഞു.
സൗദി അറേബ്യക്കകത്ത് കഴിയുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും തവക്കല്‍നാ ആപ്പ് വഴിയും ഉംറ പെര്‍മിറ്റുകള്‍ നേടാന്‍ സാധിക്കും.
സൗദി അറേബ്യക്കകത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കും റമസാനില്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ നുസുക് ആപ്പ് വഴി ഹജ്, ഉംറ മന്ത്രാലയം പെര്‍മിറ്റുകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.
ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേയില്‍ നിന്നോ നുസുക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിശുദ്ധ ഹറമിന്റെ ശേഷിക്കനുസരിച്ച് ഉംറ കര്‍മം നിര്‍വഹിക്കാന്‍ ലഭ്യമായ സമയങ്ങള്‍ പരിശോധിച്ച് തങ്ങള്‍ക്ക് അനുയോജ്യമായ സമയം തെരഞ്ഞെടുത്ത് ബുക്കിങ് നടത്തി പെര്‍മിറ്റ് നേടാന്‍ തീര്‍ഥാടകര്‍ക്ക് സാധിക്കും.
വിദേശങ്ങളില്‍ നിന്നുള്ളവര്‍ ഉംറ ബുക്കിങ് നടത്തുമ്പോള്‍ അവരുടെ പക്കല്‍ സാതുതയുള്ള വിസയുണ്ടാകല്‍ നിര്‍ബന്ധമാണ്.
എല്ലാ സാഹചര്യങ്ങളിലും ഉംറ ബുക്കിങ് നടത്തുന്നവര്‍ കോവിഡ് ബാധിതരോ കൊറോണ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ ആകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.