നിയമസഭയിൽ പ്രതിഷേധം; സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ എം എല്‍ എമാരും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ സംഘര്‍ഷം

0
1961

തിരുവനന്തപുരം: നിയമസഭയിൽ
അസാധാരണ പ്രതിഷേധം, കയ്യാങ്കളി. ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് നിയമസഭയില്‍ കയ്യാങ്കളി നടന്നത്. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ എം.എല്‍.എമാരും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്റ് വാര്‍ഡ് പിടിച്ചുതള്ളിയെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാച്ച് ആന്‍ഡ് വാര്‍ഡിനെ കൂടാതെ മഫ്തിയില്‍ പോലീസും സഭയ്ക്കുള്ളിലുണ്ടായിരുന്നു. സമീപകാലത്തൊന്നുമുണ്ടാകാത്ത പ്രതിഷേധമാണ് ഇന്ന് അരങ്ങേറിയത്. വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷ എംഎല്‍എമാരും തമ്മില്‍ രൂക്ഷമായ വാഗ്വാദവും ഉന്തും തള്ളുമുണ്ടായി. സ്പീക്കർ നിക്ഷ്പക്ഷമായി പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സ്പീക്കറെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.

സ്പീക്കറുടെ ഓഫീസിലേക്ക് മുദ്രാവാക്യം വിളികളുമായെത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ മുറിക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്പീക്കര്‍ എ.എന്‍ ഷംസീറിന് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത വിധത്തില്‍ തടസ്സം സൃഷ്ടിച്ചായിരുന്നു ഓഫീസിനു മുന്നിലെ പ്രതിഷേധം. ഇവരെ മാറ്റാനുള്ള വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ശ്രമമാണ് സംഘര്‍ഷഭരിതമായത്.

സഭയുടെ ചരിത്രത്തിലെ വലിയ പ്രതിഷേധങ്ങളിലൊന്നാണ് ഇന്നു നടന്നത്. സഭാഹാളിനു പുറത്തു വാച്ച് ആൻഡ് വാർഡും അംഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുന്നതും അപൂർവമാണ്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ നിയമസഭാ ഹാളിൽനിന്ന് മാർച്ചായെത്തിയാണ് പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഓഫിസ് ഉപരോധിച്ചത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കേണ്ട സ്പീക്കർ അതിനു തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെയാണ് സഭ ബഹിഷ്ക്കരിച്ചത്.

മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളിലാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സ്പീക്കറും പ്രതിപക്ഷവും തമ്മിൽ ഏറെ നാളായി അഭിപ്രായ വ്യത്യാസമുണ്ട്. പ്രതിപക്ഷ അംഗങ്ങൾ ചെറിയ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്നും അവർ തോൽക്കുമെന്നും സ്പീക്കർ ഇന്നലെ പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രസ്താവനയിലുള്ള അതൃപ്തി പ്രതിപക്ഷം നേരിട്ട് സ്പീക്കറെ അറിയിച്ചു. മുഖ്യമന്ത്രിയെ ഭയന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

നിയമസഭയിലെ സ്പീക്കറുടെ ഓഫിസിനു മുന്നിൽ പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധിച്ചപ്പോൾ
പോത്തൻകോടിനടുത്ത് ചേങ്കോട്ടുകോണത്ത് 16 വയസുള്ള പെൺകുട്ടിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ ഉമാ തോമസാണ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്. അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. അടിയന്തരസ്വഭാവം നോട്ടിസിന് ഇല്ലാത്തതിനാൽ ആദ്യ സബ്മിഷനായി ഉമാ തോമസിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു. സ്പീക്കറുടെ നടപടിയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഭയ്ക്കുള്ളിൽ വാക്കേറ്റമുണ്ടായി.

സെക്രട്ടേറിയറ്റിനു മൂക്കിനു താഴെ സ്ത്രീകൾക്ക് നേരെ അക്രമം നടക്കുകയാണെന്നും ഇതു ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. തുടർന്ന്, പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. സ്പീക്കർ നീതിപാലിക്കണമെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ മാനിക്കണമെന്നും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഇതിനുശേഷമാണ് സ്പീക്കറുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Opposition Protest Infront of Speaker Office at Assembly