മികച്ച 100 ആഗോള നഗരങ്ങളിൽ രാജ്യത്തെ 3 നഗരങ്ങളെ ഉൾപ്പെടുത്താൻ ശ്രമങ്ങളുമായി സഊദി അറേബ്യ

0
1024

റിയാദ്: ജീവിത നിലവാരത്തിന്റെ കാര്യത്തിൽ മികച്ച 100 ആഗോള നഗരങ്ങളിൽ 3 സഊദി നഗരങ്ങൾ ഉൾപ്പെടുത്താൻ ശ്രമം തുടങ്ങി സഊദി അറേബ്യ. റിയാദിൽ നടക്കുന്ന നാഷണൽ ട്രാൻസ്‌ഫോർമേഷൻ ഫോറത്തിൽ സഊദി മുനിസിപ്പൽ, റൂറൽ അഫയേഴ്സ്, ഹൗസിംഗ് മന്ത്രി മജീദ് അൽ ഹുഗെയ്ൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സഊദി അറേബ്യ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച 17 സമ്പദ്‌വ്യവസ്ഥകളിലൊന്നാണെന്നും ഉടൻ തന്നെ സമ്പദ്‌വ്യവസ്ഥയിൽ 15 ആം സ്ഥാനത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

2030 ൽ 100 ദശലക്ഷം സന്ദർശകർക്ക് തങ്ങളുടെ ദേശങ്ങൾ സന്ദർശിക്കാൻ കഴിയുമെന്നാണ് സഊദി അറേബ്യ ലക്ഷ്യമിടുന്നത്. ഈ സന്ദർശകരെയെല്ലാം സ്വീകരിക്കുന്നതിന് ഒരു സംയോജിത ഘടന ആവശ്യമാണ്. അതിനുള്ള ശ്രമങ്ങളാണ് സഊദി അറേബ്യ ഇപ്പോൾ നടത്തുന്നത്. നിക്ഷേപങ്ങളെയും നിക്ഷേപകരെയും സ്വീകരിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കാനും ദേശീയ പരിവർത്തന പരിപാടിയിൽ നഗരങ്ങളെ മാനുഷികവൽക്കരിക്കാനും ജീവിതനിലവാരം ഉയർത്താനും മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം ജീവിതനിലവാരം എന്ന ആശയം ഉയർത്തുകയും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന തരത്തിൽ നഗരങ്ങളിൽ പാർപ്പിടത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു. സ്വകാര്യമേഖലയ്ക്ക് ഇതിൽ പ്രധാനവും സജീവവുമായ പങ്കുണ്ടായിരിക്കുമെന്നും അൽ ഹുഗെയിൽ പറഞ്ഞു.