ദുബൈ: പ്രദേശവാസികളെ അത്ഭുതപ്പെടുത്തി ദുബൈ ഭരണാധികാരി. ആദ്യം കണ്ടപ്പോൾ നാട്ടുകാർക്കും കൗതുകം.
ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ ഒരു ലോക്കൽ ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു.
ഹൈപ്പർമാർക്കറ്റിന്റെ അൽ ഖൗനീജ് ഔട്ട്ലെറ്റിലൂടെ സാധാരണ ഒരു പൗരനെ പോലെ സാധനങ്ങൾ നോക്കിയും പരിശോധിച്ചും നടക്കുന്ന ഭരണാധികാരിയെ കണ്ടപ്പോൾ നാട്ടുകാർക്കും കൗതുകം. ഇതിന്റെ ചിത്രങ്ങളും വിഡിയോയും പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. വൈകാതെ അവ വൈറലാവുകയും ചെയ്തു. ‘ആദരം’ എന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ സന്ദർശനത്തെക്കുറിച്ച് ജിഎംജി കമ്പനിയുടെ സിഇഒ മുഹമ്മദ് എ ബേക്കർ ട്വിറ്ററിൽ കുറിച്ചത്.
ഇതാദ്യമായല്ല ദുബായ് ഭരണാധികാരി ഇത്തരത്തിൽ കടകളിൽ അനൗദ്യോഗിക സന്ദർശനം നടത്തുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ സമാനമായി മറ്റൊരു സൂപ്പർ മാർക്കറ്റും സന്ദർശിച്ചിരുന്നു. യൂണിയൻ കോപ് സൂപ്പർമാർക്കറ്റ് സന്ദർശിച്ച് വിലവിവരങ്ങളും സാധനങ്ങളും പരിശോധിച്ചാണ് ഭരണാധികാരി അന്ന് മടങ്ങിയത്. ഇതിനു മുൻപും സമാനമായ രീതിയിൽ പ്രാദേശിക ഹൈപ്പർമാർക്കറ്റുകൾ സന്ദർശിച്ച് പ്രദേശവാസികളെ ദുബായ് ഭരണാധികാരി അത്ഭുതപ്പെടുത്തിയിട്ടുണ്ട്.