ജിദ്ദ: നിരവധി പ്രവാസികൾക്കും പ്രവാസി കുടുംബങ്ങൾക്കും താങ്ങും തണലുമായി 23 വർഷം പിന്നിട്ട ജിദ്ദ – മലപ്പുറം ജില്ല കെഎംസിസിയുടെ കുടുംബ സുരക്ഷ പദ്ധതിയിൽ കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ള മുഴുവൻ കെഎംസിസി മെമ്പർമാരെയും അനുഭാവികളെയും അംഗങ്ങളാക്കി പദ്ധതി വിജയിപ്പിക്കാൻ ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി വർക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. കെഎംസിസി കുടുംബ സുരക്ഷ പദ്ധതികൾ മരണം, ചികിത്സ, വിദ്യാഭ്യാസം, പ്രവാസ വിരാമം, പെൻഷൻ ഉൾപ്പെടെ കാലോചിതമായ മാറ്റങ്ങൾ ഉൾപ്പെടുത്തി മുന്നോട്ട് പോകുന്നത് പ്രവാസികൾക്കും കുടുംബങ്ങൾക്കും ഏറെ അനുഗ്രഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
കുടുംബ സുരക്ഷ പദ്ധതി വിജയിപ്പിക്കുന്നതിന് മണ്ഡലം, പഞ്ചായത്ത് – മുനിസിപ്പൽ തല കോർഡിനേറ്റർമാരെ യോഗം തെരെഞ്ഞെടുത്തു. ടി. ടി ഷാജഹാൻ, ഹംദാൻ ബാബു എന്നിവരാണ് മണ്ഡലം കോർഡിനേറ്റർമാർ. കുടുംബ സുരക്ഷ പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം മുഹമ്മദ് ജാബിറിനു അപേക്ഷ ഫോറം നൽകി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ നിർവഹിച്ചു.
ചെന്നൈയിൽ നടക്കുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് യോഗം ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് ഇന്ത്യയിൽ പ്രസക്തി വർധിച്ചു വരികയാണെന്നും യോഗം അഭിപ്രായപ്പെട്ടു. റമദാനിൽ റിലീഫ് പ്രവർത്തനം നടത്താനും തീരുമാനിച്ചു.
ബാഗ്ദാദിയ്യ ഇമ്പീരിയൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. പി. എ റസാഖ് വെണ്ടല്ലൂർ യോഗം ഉദ്ഘാടനം ചെയ്തു. മൊയ്ദീൻ എടയൂർ, അൻവർ സാദത്ത് കുറ്റിപ്പുറം, ഷാജഹാൻ പൊന്മള, ഹംദാൻ ബാബു കോട്ടക്കൽ, കുഞ്ഞാലി കുമ്മാളിൽ, സൈനുദ്ധീൻ കോടഞ്ചേരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും എം. പി ഹംദാൻ നന്ദിയും പറഞ്ഞു.




