റിയാദ്: ഭാര്യയും മക്കളും സമ്മതം നൽകിയില്ല പാലക്കാട് സ്വദേശിയുടെ മൃതദേഹം ഇപ്പോയും റിയാദ് കിംഗ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ.
പാലക്കാട് ഒറ്റപ്പാലം കിണാശേരിയിൽ അബൂബക്കറിന്റെ മൃതദേഹം റിയാദിൽ ഖബറടക്കം നടത്താനോ നാട്ടിലെത്തിക്കാനോ ആവശ്യമായ രേഖകൾ ഇതുവരെ ഭാര്യയും മക്കളും നൽകിയിട്ടില്ലെന്നാണ് പരാതി.
റിയാദിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സാമൂഹിക പ്രവർത്തകർ കിണഞ്ഞുപരിശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടില്ല.
ഫെബ്രുവരി 27ന് സ്ട്രോക്ക് വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അബൂബക്കർ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ഇദ്ദേഹത്തിന് പത്ത് വർഷമായി നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ആദ്യ ഭാര്യ നൽകിയ കേസിനെ തുടർന്നാണ് പത്ത് വർഷമായി നാട്ടിൽ പോകാൻ സാധിക്കാതെ പോയത്. നിർധന കുടുംബത്തിൽ നിന്ന് മറ്റൊരു വിവാഹം കഴിച്ചത് മുതലാണ് ആദ്യ ഭാര്യ കേസ് കൊടുത്തത്.
അബൂബക്കറിന്റെ ഉപ്പയും സഹോദരങ്ങളും രണ്ടാം ഭാര്യയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള രേഖകൾ റിയാദിലേക്ക് കൈമാറിയിട്ടുണ്ട്.
ആദ്യ ഭാര്യയിലെ മകന്റെ സമ്മതം മാത്രമാണ് ഇനി ആവശ്യമുള്ളത്. റിയാദിലെ നാട്ടിലുള്ള സാമൂഹിക പ്രവർത്തകർ വീട്ടിലെത്തി സംസാരിച്ചിട്ടും ഇതുവരെ രേഖകളൊന്നും മകൻ അയച്ചുകൊടുത്തിട്ടില്ല. രേഖകൾ എത്തിയാൽ ഉടൻ തുടർനടപടകളിലേക്ക് പോകുമെന്ന് സാമൂഹിക പ്രവർത്തകൻ നിഅമതുല്ല പറഞ്ഞു.




