ജിദ്ദ: ബ്ലാസ്റ്റേഴ്‌സ് എഫ്. സി ജിദ്ദ സംഘടിപ്പിക്കുന്ന അബീർ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ ലീഗ് എ ഡിവിഷൻ പോരാട്ടത്തിൽ സബീൻ എഫ്. സി – മഹജ്ർ എഫ്.സി മത്സരം സമനിലയിൽ കലാശിച്ചു. ആവേശകരമായ മത്സരത്തിൽ ഭൂരിഭാഗം സമയത്തും മഹജ്ർ എഫ്. സിക്കായിരുന്നു മുൻതൂക്കം. ബോൾ പൊസഷനിലും ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും മഹജ്ർ എഫ്. സി മുന്നിട്ടു നിന്നു. കളിയുടെ ഇരുപത്തൊന്നാം മിനുട്ടിൽ നടത്തിയ ഒരു മികച്ച മുന്നേറ്റത്തിലൂടെ മഹജ്ർ എഫ്. സിക്ക് വേണ്ടി അഹമ്മദ് ഫൈസൽ ലീഡ് നേടി. രണ്ടാം പകുതിയുടെ അവസാനത്തിൽ നാൽപതുവാരയകലെ നിന്നും ബുഖാരിയെടുത്ത ഫ്രീകിക്ക് കണക്ട് ചെയ്ത് നിബിൽ നേടിയ അതിമനോഹരമായൊരു മഴവിൽ ഗോളിലൂടെ സബീൻ എഫ്. സി മത്സരം സമനിലയിലെത്തിച്ചു. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാമതായ സബീൻ എഫ്. സി ഫൈനലിൽ പ്രവേശിച്ചു. കളിയുടെ നിയന്ത്രണത്തിന് ചുക്കാൻ പിടിച്ച മഹ്‌ജർ എഫ്. സിയുടെ അഹമ്മദ് ഫിറോസിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
ബി ഡിവിഷനിലെ ആദ്യ മത്സരത്തിൽ ന്യൂ കാസിൽ എഫ്. സി, ബ്ലൂസ്റ്റാർ-ബിയെ ഒരു ഗോളിന് മറികടന്നു സെമിയിലേക്ക് പ്രവേശിച്ചു. രണ്ടാം പകുതിയുടെ പത്തൊമ്പതാം മിനുട്ടിൽ നൗഫൽ അയ്യന്നുരി നടത്തിയ ഒരു മികച്ച നീക്കത്തിലൂടെ ന്യൂ കാസിൽ ലീഡ് നേടി. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച നൗഫലിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
മറ്റൊരു ബി ഡിവിഷൻ മത്സരത്തിൽ ബി. സി. സി ഐ. ഐ. എസ്. ജെ, ഐടി സോക്കർ മത്സരം സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ മുഴുവൻ സമയത്തും ഇരു ടീമുകളും ഗോളുകൾ നേടിയില്ല. ഇതോടെ മികച്ച പോയിന്റ് നിലവാരത്തോടെ ഐ.ടി സോക്കർ സെമിയിലേക്ക് പ്രവേശിച്ചു. മികച്ച കളിക്കാരനായി ബി. സി. സി ഐ. ഐ. എസ്. ജെയുടെ മഷൂദ് അലിയെ തിരഞ്ഞെടുത്തു.
നേരത്തെ, മുതിർന്നവർക്കായുള്ള എബൗവ്-40 മത്സരത്തിൽ ഫൂട്ബോൾ ലൊവേർസ് ഹൈഫ മാൾ, സ്പോർട്ടിങ് പേരെന്റ്സ് 11നെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഫൂട്ബോൾ ലൊവേർസ് ഹൈഫ മാളിനായിരുന്നു മത്സരത്തിലുടനീളം ആധിപത്യം. മികച്ച കളിക്കാരനായി ഹൈഫ മാളിന്റെ മുഹമ്മദ് അഷ്‌റഫിനെ തിരഞ്ഞെടുത്തു.
