ജിദ്ദ: ജിദ്ദ കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റിയുടെ 2023 -2024 വർഷത്തേക്കുള്ള കുടുംബ സുരക്ഷ പദ്ധതിയുടെ അംഗത്വ കാമ്പയിന് തുടക്കമായി. ഷറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങ് ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉൽഘാടനം ചെയ്തു. സഊദിയിൽ കുടുംബ സുരക്ഷ പദ്ധതിക്ക് തുടക്കം കുറിച്ച ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി ഓരോ വർഷവും പുതിയ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി മുന്നോട്ട് പോകുന്നത് കൊണ്ടാണ് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ പദ്ധതി വിജയകരമായി കൊണ്ട് പോകാൻ സാധിക്കുന്നതെന്ന് അബൂബക്കർ അരിമ്പ്ര പറഞ്ഞു. കുടുംബ സുരക്ഷ പദ്ധതിയുടെ അപേക്ഷ ഫോം മലപ്പുറം മണ്ഡലം കെഎംസിസി പ്രസിഡന്റ് ഉമ്മർ കോഡൂരിനു നൽകി കൊണ്ട് ജില്ല കെഎംസിസി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ പദ്ധതിക്ക് ആരംഭം കുറിച്ചു. സുരക്ഷ പദ്ധതി ചെയർമാൻ ഇല്യാസ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു.
ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ പരിപാടിയിൽ സുരക്ഷാ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കഴിഞ്ഞ വർഷത്തെ പോലെ ഇപ്രാവശ്യവും മലപ്പുറം ജില്ല കെ എം സി സി യുടെ കുടുംബ സുരക്ഷ പദ്ധതിയിൽ ചേർന്ന് പ്രവാസ വിരാമ പദ്ധതി പ്രകാരം നാട്ടിൽ പോകുന്ന പ്രവാസിക്ക് ഇരുപത്തയ്യായിരം രൂപ വരെ നൽകുന്ന പദ്ധതിയും, ജീവിച്ചിരിക്കെ തന്നെ ജോലി ചെയ്യാൻ സാധിക്കാത്ത രൂപത്തിൽ അപകടത്തിൽ പെടുന്നവർക്ക് ഒരു ലക്ഷം രൂപ നൽകുന്ന പദ്ധതിയും തുടരുമെന്നും ഹബീബ് കല്ലൻ പറഞ്ഞു. കഴിഞ്ഞ കാലയളവിൽ 95ഓളം ആളുകൾ പ്രവാസ വിരാമ പദ്ധതിയിൽ നിന്ന് ആനുകൂല്യങ്ങൾക്കു നൽകാൻ സാധിച്ചു.
ജിദ്ദയിൽ വെച്ച് മരിച്ച 14 ഓളം പേർക്ക് മരണാനാന്തര അനുകല്യവും 46ഓളം പേർക്ക് ചികിൽസ ആനുകൂല്യങ്ങങ്ങളും നൽകിയതായി കുടുംബ സുരക്ഷ പദ്ധതി ചെയർമാൻ ഇല്യാസ് കല്ലിങ്ങൽ പറഞ്ഞു. 2023 – 2024 വർഷ കാലയളവിൽ ആൻജിയോ പ്ലാസ്റ്റി ചെയ്യുന്നവർക്കുള്ള മിനിമം ആനുകൂല്യം പതിനയ്യായിരം രൂപയാക്കി വർദ്ധനവ് വരുത്തിയതായും ചികിൽസ ആനുകൂല്യം പത്തു ശതമാനത്തിൽ നിന്ന് പതിനഞ്ചു ശതമാനമായി ഉയർത്തുകയും സുരക്ഷ പദ്ധതിയിൽ കുട്ടികൾക്കും കുടുംബിനികൾക്കും അംഗത്വമെടുക്കാനുള്ള സൗകര്യം ഒരുക്കിയതായും വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സഹായം പദ്ധതിയിൽ ഉൾപെടുത്തിയതായും ഇല്യാസ് കല്ലിങ്ങൽ വ്യക്തമാക്കി.
മുഹമ്മദ് കല്ലിങ്ങൽ ഖിറാഅത് നടത്തി. സാമ്പിൽ മമ്പാട് സ്വാഗതവും വി. വി അഷ്‌റഫ് നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ബാവ വേങ്ങര, ലത്തീഫ് മുസ്‌ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ, നാഷണൽ സെക്രെട്രിയേറ്റ് മെമ്പർ മജീദ് പുകയൂർ എന്നിവർ പങ്കെടുത്തു. മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികളായ സുൽഫീക്കർ ഒതായി, അബ്ബാസ് വേങ്ങൂർ, എക്സിക്യൂഷൻ അംഗങ്ങളായ നൗഫൽ ഉള്ളാടൻ, ജാഫർ വെന്നിയൂർ, നാസർ മമ്പുറം, അഫ്സൽ നാറാണത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.