ജിദ്ദ: ബാഗ്ദാദിയ്യ ഈസ്റ്റ് കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി നടത്തിയ സാമ്പത്തിക അവബോധ ക്ലാസ് ശ്രദ്ധേയമായി. ഓൺലൈൻ വഴിയും സ്പോട് റജിസ്ട്രേഷൻ വഴിയും നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
ബഗ്ദാദിയ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ കെഎംസിസി പ്രവർത്തകർക്ക് ഉപകാരപ്രദമായ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്ന ബാഗ്ദാദിയ്യ ഈസ്റ്റ് കെഎംസിസി ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു.
ജിദ്ദയിലെ പ്രശസ്തനായ ട്രെയ്നർ ഫസ്‌ലിൻ അബ്ദുൽ ഖാദർ ആലുവ ‘പണത്തിന്റെ മന ശാസ്ത്രം’ എന്ന ശീർഷകത്തിൽ ക്ലാസ് അവതരിപ്പിച്ചു. പ്രവാസികൾ തങ്ങളുടെ വരുമാനത്തിൽ നിന്നും ഒരു നിശ്ചിത തുക സമ്പാദ്യത്തിനായി നീക്കി വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വരവാനുസരിച്ച് ചെലവ് ക്രമീകരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ഷെയർ മാർക്കറ്റ്, മൂച്വൽ ഫണ്ട് തുടങ്ങിയവയെപ്പറ്റി അറിവ് നേടാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ബാഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കെഎംസിസി പ്രസിഡന്റ് നാണി ഇസ്ഹാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ടി.കെ അബ്ദുറഹ്മാൻ ആശംസ നേർന്നു സംസാരിച്ചു. ഇ. വി നാസർ ഖിറാഅത് നടത്തി. ജനറൽ സെക്രട്ടറി ഖാലിദ് പാളയാട്ട് സ്വാഗതവും അബു കട്ടുപ്പാറ നന്ദിയും പറഞ്ഞു.
ജാഫർ വെന്നിയൂര്, സ്വാലിഹ് മാസ്റ്റർ വേങ്ങര എന്നിവർ രജിസ്ട്രേഷൻ നിയന്ത്രിച്ചു. ഏരിയ കെഎംസിസി ഭാരവാഹികളായ മുഹമ്മദ് റഫീഖ് കൂളത്ത്, ഷബീർ അലി കോഴിക്കോട്, അഡ്വ. ആഫിൽ, റസാഖ് പുല്പറ്റ, നാസർ കാട്ടിപ്പരുത്തി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.