ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനാകാതെ ഇസ്‌ലാമാബാദ് പോലീസ്. ഇമ്രാനെ അറസ്റ്റ് ചെയ്യാനായി ലഹോറിലെ വസതിയിൽ എത്തിയെങ്കിലും, അദ്ദേഹത്തെ കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി പൊലീസ്.
എന്നാൽ ഇതിനു പിന്നാലെ വസതിയിൽ തടിച്ചുകൂടിയ പാർട്ടി പ്രവർത്തകരെ ഇമ്രാൻ ഖാൻ അഭിസംബോധന ചെയ്തു. ആർക്കു മുന്നിലും തല കുനിക്കില്ലെന്നും പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് പ്രവർത്തകരെ വിളിച്ചുകൂട്ടിയതെന്നും ഇമ്രാൻ ഖാൻ വിശദീകരിച്ചു.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റുവെന്നാണ് കേസ്. ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയിൽ കുറവാണ് മൂല്യമെങ്കിൽ അവ കൈവശം വയ്ക്കാം. അല്ലാത്തവ ‘തോഷഖാന’ എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ 50 ശതമാനം നൽകി വാങ്ങാനാകും. എന്നാൽ ഇമ്രാൻ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവിൽക്കുകയും ചെയ്തു എന്നാണ് ആരോപണം.
തോഷഖാന കേസുമായി
കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. സെഷൻസ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറന്റിൽ ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്ത ശേഷം മാർച്ച് ഏഴിന് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്. അറസ്റ്റിനുള്ള നീക്കത്തിന്റെ ഭാഗമായി ഇമ്രാന്റെ വസതിക്കു മുന്നിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
ഇതിനിടെ പ്രതിഷേധവുമായി ഇമ്രാന്റെ അനുയായികളും രംഗത്തെത്തി. അറസ്റ്റ് തടയാൻ ഉടൻ തന്നെ അദ്ദേഹത്തിന്റെ വസതിയിൽ എത്തണമെന്ന് പ്രവർത്തകരോട് പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള ഏതൊരു ശ്രമവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് പിടിഐ സീനിയർ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി പറഞ്ഞു.




