സഊദിയിൽ കോഴിമുട്ട വില 32.84 ശതമാനം വർധിച്ചു

0
2816

റിയാദ്: സഊദിയിൽ കോഴിമുട്ട വില
32.84ശതമാനം വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തി. ജനുവരിയിൽ ഒരു ട്രേ മുട്ടയുടെ വില 22.45 റിയാലായി ഉയർന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ 16.90 റിയാലായിരുന്നു. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ വില 0.71 ശതമാനം കുറഞ്ഞു. ഡിസംബറിൽ 22.61 റിയാലായിരുന്നു. 
ഒരു വർഷത്തിനിടെ കോഴിയിറച്ചി വില 17.68 ശതമാനം വർധിച്ചു.

ഒരു വർഷത്തിനിടെ 900 ഗ്രാം സൗദി ഫ്രോസൻ കോഴിയിറച്ചി പാക്കറ്റ് വില 35.39 ശതമാനം വർധിച്ചു. ജനുവരിയിൽ വില 19.33 റിയാലായിരുന്നു. 2022 ജനുവരിയിൽ 14.27 റിയാലും. ഡിസംബറിൽ 19.32 റിയാലായിരുന്നു. ഇറക്കുമതി ചെയ്ത ഫ്രോസൻ കോഴിയിറച്ചി 900 ഗ്രാം പാക്കറ്റ് വില ഒരു വർഷത്തിനിടെ 14.46 ൽനിന്ന് 18.91 റിയാലായി ഉയർന്നു-  30.77 ശതമാനം വർധന. എന്നാൽ ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ വില നേരിയ തോതിൽ കുറഞ്ഞു. ഡിസംബറിൽ വില 19.11 റിയാലായിരുന്നു. 

900 ഗ്രാം ഫ്രഷ് സൗദി കോഴിയിറച്ചി പാക്കറ്റ് വില 18.50 റിയാലായാണ് ജനുവരിയിൽ വർധിച്ചത്. 2022 ജനുവരിയിൽ ഇത് 15.49 റിയാലായിരുന്നു. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ 0.60 ശതമാനം വർധിച്ചു. കഴിഞ്ഞ ഡിസംബറിൽ വില 18.39 റിയാലായിരുന്നു.