ആദ്യമായി എടുത്ത ടിക്കറ്റിലൂടെ പ്രവാസി സ്വന്തമാക്കിയത് 33 കോടി; യുഎഇ യിലെ ആ ഭാഗ്യവാന്‍ ഇവിടെയുണ്ട്

0
3826

അബുദാബി: വെള്ളിയാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ 249-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തുര്‍ക്കി പൗരനായ സാം ഹൈദരിതോര്‍ഷിസി സ്വന്തമാക്കി. ആദ്യമായി ബിഗ് ടിക്കറ്റെടുത്ത അദ്ദേഹത്തെ ആ ശ്രമത്തില്‍ തന്നെ ഭാഗ്യം കടാക്ഷിച്ചു. ഒന്നര കോടി ദിര്‍ഹമാണ് (33 കോടിയിലധികം ഇന്ത്യന്‍ രൂപ) ഈ പ്രവാസിക്ക് ഒറ്റ രാത്രി കൊണ്ട് സ്വന്തമായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാല് വര്‍ഷം മുമ്പ് യുഎഇയിലെത്തിയ സാം ഹൈദരിതോര്‍ഷിസി ഇപ്പോള്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്താല്‍ മൂന്നാമത് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ‘ബെ ടു, ഗെറ്റ് വണ്‍ ഫ്രീ’ ഓഫറിലൂടെ ഓണ്‍ലൈനായാണ് അദ്ദേഹം ഫെബ്രുവരി ആദ്യ വാരത്തില്‍ ടിക്കറ്റെടുത്തത്.

യുഎഇയിലെ ഏറ്റവും പുതിയ കോടീശ്വരനായ വിവരം നേരിട്ട് അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അവതാരകര്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് സാമിനെ വിളിച്ചെങ്കിലും ടെലിഫോണ്‍ ലൈന്‍ തിരക്കായിരുന്നതിനാല്‍ ആദ്യം കോള്‍ കിട്ടിയില്ല. നിരവധി ഫോണ്‍ കോളുകളാണ് ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ബിഗ് ടിക്കറ്റിന്റെ വെബ്‍സൈറ്റ് എപ്പോഴും തുറന്ന് തന്റെ പേരുണ്ടോ എന്ന് നോക്കുമായിരുന്നുവെങ്കിലും വിജയിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം ഏറെ ആഹ്ലാദത്തോടെ പ്രതികരിച്ചു. ബിഗ് ടിക്കറ്റിന് നന്ദി, നിങ്ങള്‍ എന്റെ ജീവിതം മാറ്റിമറിച്ചു – അദ്ദേഹം പറഞ്ഞു.

രണ്ടാം സമ്മാനമായ പത്ത് ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ യുഎഇ പൗരന്‍ സലിം അല്‍ബസ്‍തകിയും ഇതാദ്യമായാണ് സമ്മാനം നേടുന്നത്. ഒരു പരസ്യത്തില്‍ നിന്ന് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതു മുതല്‍ കഴിഞ്ഞ 15 വര്‍ഷമായി ഭാഗ്യം പരീക്ഷിക്കുകയായിരുന്നു അദ്ദേഹം. വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇനിയും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടരുമെന്നും എന്നെങ്കിലും ഒരിക്കല്‍ ഗ്രാന്റ് പ്രൈസ് സ്വന്തമാക്കാന്‍ തനിക്കും സാധിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോവുന്നതെന്നും പറ‌ഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക