റിയാദ്: വിശുദ്ധ റമദാൻ മാസത്തിൽ പ്രാർത്ഥനക്ക് പള്ളികളിൽ പുറത്തേക്കുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുവാദമില്ലെന്ന് ഇസ്‌ലാമിക കാര്യ മന്ത്രി അബ്ദുൽ ലത്തീഫ് ആലു ശൈഖ് പറഞ്ഞു. ബാഹ്യ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്കിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ഇസ്‌ലാമിക കാര്യ മന്ത്രി വ്യക്തമാക്കി. ഈ ചട്ടം നേരത്തെ തന്നെ നിലവിലുള്ളതാണ്. മന്ത്രാലയത്തിന്റെ എല്ലാ ശാഖകൾക്കും മന്ത്രി കഴിഞ്ഞ വർഷം ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചിരുന്നതുമാണ്. കൂടാതെ നാലിൽ കൂടുതൽ ലൌഡ്സ്പീക്കറുകൾ ഉണ്ടെങ്കിൽ അഴിച്ച് മാറ്റാനും നിർദേശം നൽകിയിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബാങ്കിനും ഇഖാമത്തിനും മാത്രമായി ബാഹ്യ ലൗഡ്‌സ്‌പീക്കറുകൾ പരിമിതപ്പെടുത്തണമെന്നും അവയുടെ ശബ്ദം മൂന്നിലൊന്നായി കുറക്കണമെന്നും പള്ളികളിലെ ജീവനക്കാർക്കും നിർദേശം നൽകിയിരുന്നു. പള്ളികളോട് ചേർന്നുള്ള വീടുകളിലെ രോഗികൾക്കും പ്രായമായവർക്കും കുട്ടികൾക്കും പ്രയാസമുണ്ടാവാതിരിക്കാനാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കയിരുന്നു.
പള്ളികളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിക്കണം. പ്രാർത്ഥനാ സമയത്ത് ഇമാമിന്റെയും ആരാധനകളുടെയും ഫോട്ടോ എടുക്കാൻ ഉപയോഗിക്കരുതെന്നും പ്രാർത്ഥനകൾ കൈമാറരുതെന്നും നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു.
റമദാനിൽ ഇഫ്താർ, പ്രഭാത ഭക്ഷണ പദ്ധതികൾക്കും മറ്റുമായി സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നതിനെതിരെയും മുന്നറിയിപ്പുണ്ട്. നോമ്പ് തുറ പള്ളികളിൽ അതിനായി തയ്യാറാക്കിയ സ്ഥലങ്ങളിലും ഇമാമിൻ്റേയും മുഅദ്ദിൻ്റേയും ഉത്തരവാദിതത്തിലായിരിക്കണമെന്നും നിർദേശമുണ്ട്. തറാവീഹ് നമസ്കാരത്തിൻ്റെ സമയം പാലിക്കൽ, റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ തഹജ്ജുദ് നമസ്കാരങ്ങൾ, പ്രഭാത നമസ്കാരങ്ങളുടെ സമയനിഷ്ഠ, ബാങ്ക് വിളിയുടെ സമയനിഷ്ഠ തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
ഇമാമുമാരുടെയും മുഅദ്ദിൻമാരുടെയും ജോലിയിൽ പൂർണ്ണമായ ക്രമം പാലിക്കണമെന്നും അനുഗൃഹീതമായ റമദാൻ മാസത്തിൽ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വിട്ട് നിൽക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




