അബുദാബി: യുഎഇയുടെ ദീർഘകാല ബഹിരാകാശ പദ്ധതിക്കായി സ്‌പേസ് എക്സ് ക്രൂ–6ൽ സുൽത്താൻ അൽ നെയാദി ബഹിരാകാശത്തേക്ക് കുതിച്ചുയർന്നു. യുഎഇ സമയം രാവിലെ 9.30 നായിരുന്നു (ഇന്ത്യൻ സമയം 11ന്) വിക്ഷേപണം. ബഹിരാകാശത്ത് അൽ നെയാദി ഏറ്റവും ദൈർഘ്യമേറിയ ശാസ്ത്രീയ ദൗത്യം ഏറ്റെടുക്കും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടർച്ചയായി ആറ് മാസം നീണ്ടുനിൽക്കുന്നതാണ് പര്യടനം. ദൗത്യത്തിന്റെ കാലയളവിലുടനീളം സുപ്രധാന മേഖലകളിലെ ശാസ്ത്രീയ പരീക്ഷണങ്ങളിൽ നെയാദി പങ്കെടുക്കും. ബഹിരാകാശ നിലയത്തിൽ 200 ലേറെ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തും. ഇതിൽ 20 എണ്ണത്തിന് അൽനെയാദി നേതൃത്വം നൽകും. ചരിത്ര ദൗത്യം തൽസമയം ജനങ്ങളിലെത്തിക്കാൻ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ വിപുലമായ സൗകര്യം ഒരുക്കിയിരുന്നു.
നിലവിൽ കാലാവസ്ഥ 95 ശതമാനം അനുകൂലമാണ്. നിശ്ചയിച്ച പ്രകാരം യാത്ര തുടർന്നാൽ 24.5 മണിക്കൂർ കൊണ്ട് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്താം. ആറു മാസം നീളുന്ന ബഹിരാകാശ ദൗത്യ സംഘത്തിൽ യുഎഇയുടെ സുൽത്താൻ അൽ നെയാദിക്കൊപ്പം അമേരിക്കയുടെ സ്റ്റീഫൻ ബോവെൻ, വാറൻ ഹൊബർഗ്, റഷ്യയുടെ ആൻഡ്രി ഫെഡ്‌യേവ് എന്നിവരുമുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.45 ന് വിക്ഷേപിക്കേണ്ട പദ്ധതി സാങ്കേതിക കാരണങ്ങളാൽ അവസാന നിമിഷം മാറ്റിവച്ചിരുന്നു. ബഹിരാകാശ പേടകത്തെ മുകളിലേക്ക് ഉയർത്താൻ ആവശ്യമായ ജ്വലനത്തിന് സഹായിക്കുന്ന ടീ ടെബ് കൃത്യമായി പ്രവർത്തിക്കാതിരുന്നതാണ് വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണം. ജോൺ എഫ്. കെന്നഡി സ്‌പേസ് കോംപ്ലക്‌സിലെ ഭൂഗർഭ ഉപകരണങ്ങളിലെ തകരാർ ആയിരുന്നു ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണമായത്. ടീ ടെബിലെ തകരാറുള്ള ക്ലോഗ്ഡ് ഫിൽട്ടർ മാറ്റി സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചതായി സ്പേസ് എക്സും നാസയും അറിയിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നുള്ള ലോഞ്ച് കോംപ്ലക്‌സ് 39 എയിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ഡ്രാഗൺ ബഹിരാകാശ പേടകം വിക്ഷേപിച്ചത്. വീഡിയോകൾ കാണാം👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക








