ദുബൈ: പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യു എ ഇ യിൽ തങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്നതിന് 90 ദിവസം കാലാവധിയുള്ള വിസകൾ അനുവദിച്ചു തുടങ്ങി.
ട്രാവൽ ഏജൻസികൾക്ക് ഈ വിസകൾക്ക് അപേക്ഷ സമർപ്പിക്കാൻ നിലവിൽ സാധിക്കുന്നില്ല. പകരം വ്യക്തികൾക്ക് നേരിട്ട് ഓൺലൈനായോ ആമിർ സെന്ററുകൾ വഴിയോ അപേക്ഷിക്കാൻ സാധിക്കും. ഇങ്ങനെ അപേക്ഷിച്ചവർക്ക് വിസ കിട്ടുന്നുമുണ്ട്.
ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റ് വഴിയോ ആമിർ സെന്ററുകൾ വഴിയോ ഈ വിസകൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ റീഫണ്ടബിൾ ഡെപ്പോസിറ്റായി ആയിരം ദിർഹം നൽകണമെന്ന് വ്യവസ്ഥയുണ്ട്.
റീഫണ്ടബിൾ ഡെപ്പോസിറ്റും സേവന ഫീസും ഉൾപ്പെടെ ആകെ 1770 ദിർഹമാണ് വിസ എടുക്കാൻ ചെലവ് വരുന്നതെന്ന് അപേക്ഷകർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച വിസാ നിയമ പരിഷ്കരണങ്ങളുടെ ഭാഗമായി 90 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വിസകൾ യുഎഇ നിർത്തലാക്കിയിരുന്നു. അതിന് ശേഷം 30 ദിവസവും 60 ദിവസവും കാലാവധിയുള്ള വിസകളാണ് അനുവദിക്കുന്നത്.