ജിദ്ദ: ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജിദ്ദ സംഘടിപ്പിക്കുന്ന അബീർ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ ലീഗിൽ സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദ, ടാലെന്റ്റ് ടീൻസ് ഫുട്ബോൾ അക്കാദമിയെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് പരാജയപ്പെടുത്തി ജൂനിയർ വിഭാഗം വിജയികളായി. എ ഡിവിഷൻ ഗ്രൂപ്പ് തല മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എഫ്.സി, മഹ്ജർ എഫ്. സി മത്സരം സമനിലയിൽ കലാശിച്ചു. ബി ഡിവിഷൻ ഗ്രൂപ്പ് തല മത്സരത്തിൽ യാസ് എഫ് സി, എ. സി. സി ബിയെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. മറ്റൊരു ബി ഡിവിഷൻ മത്സരത്തിൽ ന്യൂ കാസിൽ എഫ്. സി, റെഡ് സീ ബ്ലാസ്റ്റേഴ്‌സ് എഫ്. സിയെ ഒരു ഗോളിന് പരാജയപ്പെടുത്തി.
ജിദ്ദയിലെ പ്രധാനപ്പെട്ട അഞ്ചു അക്കാദമികളാണ് ജൂനിയർ വിഭാഗം മത്സരങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫൈനൽ മത്സരത്തിൽ ഇരുടീമുകളും ജയം ഉറപ്പിച്ചാണ് ഗോദയിലിറങ്ങിയത്. അബ്ദുൽ ഖുദൂസ് എടുത്ത മനോഹരമായ ഫ്രീ കിക്കിലൂടെ മത്സരത്തിന്റെ നാലാം മിനിന്റ്റിൽ സ്പോർട്ടിങ് ആദ്യഗോൾ നേടി. പത്തു മിനിട്ടിനുള്ളിൽ ആസിഫ് അഹമ്മദ് എടുത്ത ഷോട്ടിൽ വന്ന റീബൗണ്ട് ബോൾ ഗോൾ ആക്കി ടാലെന്റ്റ് ടീൻസിന്റെ മുഹമ്മദ് ഷിയാൻ ഗോൾ മടക്കി. രണ്ടാം പകുതിയിൽ ഷഹീൻ അബ്ദുൽ മജീദിലൂടെ സ്പോർട്ടിങ് യുണൈറ്റഡ് വീണ്ടും ലീഡ് നേടിയെങ്കിലും പത്തു മിനുട്ടിനുള്ളിൾ ആസിഫ് അഹമ്മദിലൂടെ വീണ്ടും സമനില ഗോൾ നേടി. പിന്നീട് ഇരു ടീമുകളും എതിർ ഗോൾമുഖത്ത് ആക്രമണങ്ങൾ തുടന്നു . മത്സരം സമനിലയിലേക്ക് നീങ്ങവേ മിഷാൽ മുജീബിലൂടെ സ്പോർട്ടിങ് വിജയ ഗോൾ നേടി, സ്കോർ (3-2).
തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തെ സാക്ഷിയാക്കി നടന്ന മഹ്ജർ എഫ്.സി, ബ്ലാസ്റ്റേഴ്സ് മത്സരം ഈ ടൂർണൻമെന്റിലെ മികച്ച മത്സരങ്ങളിലൊന്നായി മാറി. ബോൾ പൊസഷനിൽ ഇരുകൂട്ടരും ആധിപത്യം പുലർത്തുകയും നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് താരം ബുജൈർ ഗോളോടടുത്തുവെങ്കിലും ഡിഫൻഡർമാരുടെ മികച്ച പ്രകടനം ഗോളുകൾ സ്കോർ ചെയ്യുന്നതിന് തടസ്സം നിന്നു. ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ മുഹമ്മദ് ആഷിക്കിനെ ബെസ്റ്റ് പ്ലയെർ ആയി തിരഞ്ഞെടുത്തു.
യാസ് എഫ്. സി, എ. സി. സി-ബി മത്സരം, തുടക്കം മുതൽ തന്നെ യാസ് എഫ് സി നിയന്ത്രണത്തിലാക്കി. യാസിന് വേണ്ടി റമീസ്, മുഹമ്മദ് ആസിഫ് എന്നിവർ ഗോളുകൾ നേടി. യാസിന്റെ റമീസ് മത്സരത്തിലെ കേമനായി. സ്കോർ (2-0). ഇരു കൂട്ടരും മത്സരിച്ചു കളിച്ച ന്യൂ കാസിൽ എഫ്. സി, റെഡ് സീ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ന്യൂ കാസിൽ എഫ്. സിയുടെ മുഹമ്മദ് സഹലാണ് സ്കോർ ചെയ്‌തത്. ന്യൂ കാസിൽ എഫ്. സിയുടെ മുഹമ്മദ് സഹലാണ് മികച്ച കളിക്കാരൻ.




