ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസി കഴിഞ്ഞ മാസങ്ങളിൽ നടത്തി വന്ന മെമ്പർഷിപ്പ് ക്യാമ്പയിനിൽ ഡാറ്റ നൽകിയ ആയിരത്തിലധികം മെമ്പർമാർക്കുള്ള പ്രിവിലേജ് കാർഡുകളുടെ വിതരണ ഉദ്ഘാടനം ഫെബ്രുവരി 19 ഞായറാഴ്ച നടക്കും. ഇതോടൊപ്പം പുതുതായി തെരെഞ്ഞെടുക്കപ്പെട്ട മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾക്കുള്ള സ്വീകരണവും നടക്കും. സംഘടിപ്പിക്കുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷം 2.30 ന് മാറാക്കര സി. എച്ച് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടത്തപ്പെടുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള കെഎംസിസി നേതാക്കളും പ്രവർത്തകരും പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, വനിത ലീഗ് ഭാരവാഹികളും പങ്കെടുക്കുന്ന പരിപാടി കോട്ടക്കൽ മണ്ഡലം എം. എൽ. എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. മാറാക്കര ഗ്ലോബൽ കെഎംസിസി ചെയർമാൻ ബക്കർ ഹാജി കരേക്കാട് അധ്യക്ഷത വഹിക്കും.
പരിപാടിയിൽ വെച്ച് മാറാക്കര ഗ്ലോബൽ കെഎംസിസി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സര വിജയികൾ, വിദ്യാഭ്യാസ – കായിക മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർ തുടങ്ങിയവർക്കുള്ള ഗ്ലോബൽ കെഎംസിസി വക മെമെന്റൊകൾ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ വിതരണം ചെയ്യും.
മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ പ്രവർത്തനത്തിൽ സുപ്രധാന ചുവട് വെപ്പായ മെമ്പർഷിപ്പ്, പ്രിവിലേജ് കാർഡ് വിതരണ ഉദ്ഘാടന പരിപാടിയിൽ നാട്ടിലുള്ള മുഴുവൻ കെഎംസിസി പ്രവർത്തകരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ എന്നിവർ ആഭ്യർത്ഥിച്ചു.




