റിയാദ്: വിപ്ലവകരമായ കുതിപ്പിന് സഊദി അറേബ്യ തയ്യാറെടുക്കുന്നു. ഈ വർഷം രണ്ടാം പാദത്തിൽ ഒരു സ്ത്രീയെയും പുരുഷനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) അയക്കും. രാജ്യത്തിന്റെ സമഗ്ര വികസന പദ്ധതിയായ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്നായ ബഹിരാകാശ രംഗത്തെ മഹത്തായ നേട്ടങ്ങൾക്കായുള്ള പദ്ധതികളിലൊന്നാണ് ഇതെന്ന് സഊദി സ്പേസ് കമ്മീഷൻ ചെയർമാൻ എൻ.ജി. അബ്ദുല്ല ബിൻ അമീർ അൽ സ്വാഹ പറഞ്ഞു.
സഊദിയിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാണ് റയ്യാന ബർണവി. അലി അൽ ഖർനി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് റയ്യാനയെ അനുഗമിക്കും. അമേരിക്കയിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് റബ്ബാനയും അലിയും യാത്ര ചെയ്യും. സൗദി ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായി തുടർ പരിശീലനത്തിന് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്. മറിയം ഫർദൂസ്, അലി അൽ ഗാംദി എന്നിവരെ വിദഗ്ധ പരിശീലനത്തിന് അയക്കും. ബഹിരാകാശ മേഖലയിൽ സൗദിക്ക് സ്വന്തമായി ഗവേഷണം നടത്താനും കൂടുതൽ യുവാക്കളെ സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് മേഖലകളിലേക്ക് ആകർഷിക്കാനുമാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്ന് സൗദി സ്പേസ് കമ്മീഷൻ സിഇഒ മുഹമ്മദ് ബിൻ സൗദ് അൽ തമീമി പറഞ്ഞു.