സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ യോഗ്യതാ പരീക്ഷയിൽ വിജയിച്ചില്ല; തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ മലയാളി നഴ്‌സുമാർ നാടണഞ്ഞു

0
2192

റിയാദ്: തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ
മലയാളി നഴ്‌സുമാരെ ഇന്ത്യൻ എംബസി ഇടപെട്ട് നാട്ടിലെത്തിച്ചു. റിക്രൂട്ട്‌മെന്റ് കമ്പനി വഴി സൗദിയിലെത്തിയ ശേഷം സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ യോഗ്യതാ പരീക്ഷയിൽ വിജയിക്കാത്തതിനാൽ തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ വയനാട്, എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നുള്ള ആറു നഴ്‌സുമാരാണ് ഫൈനൽ എക്‌സിറ്റിൽ കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയത്.

നാട്ടിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് കമ്പനിയിൽ മൂന്നു ലക്ഷത്തോളം രൂപ നൽകിയാണ് ഇവർ നഴ്‌സിംഗ് വിസയിൽ റിയാദിലെ പ്രമുഖ റിക്രൂട്ട്‌മെന്റ് കമ്പനിയിലേക്കെത്തിയത്. ആറു മാസം കൊണ്ട് പരീക്ഷയെഴുതാമെന്ന കരാറിൽ റിയാദ്, അൽഹസ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ജോലിയിൽ പ്രവേശിച്ചു. പക്ഷേ, മൂന്നു പ്രാവശ്യം പരീക്ഷ എഴുതിയിട്ടും വിജയിക്കാനായില്ല. പരീക്ഷയിൽ വിജയിച്ചാൽ മാത്രമേ സൗദി  ആരോഗ്യ മന്ത്രാലയത്തിന്റെ വർക്ക് ലൈസൻസ് ലഭിക്കുകയുള്ളൂ. ലൈസൻസ് ലഭിക്കാതായതോടെ ജോലിയിൽ തുടരാൻ സാധിച്ചില്ല. അതേസമയം, കമ്പനി 2700 റിയാൽ നഷ്ടപരിഹാരം ചോദിക്കുകയും ചെയ്തു.
ഇതോടെ ഇവർ ഇന്ത്യൻ എംബസിയിൽ പരാതി നൽകി. തുടർന്ന് എംബസി അവരുടെ പ്രശ്‌നം പരിഹരിക്കാൻ കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. ചെറിയ തുക നഷ്ടപരിഹാരം നൽകി ഫൈനൽ എക്‌സിറ്റിൽ സ്വന്തം ടിക്കറ്റിലാണ് ഇവർ നാട്ടിലേക്ക് പോയത്.

അതേസമയം, നാട്ടിൽ നിന്നുതന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ പരീക്ഷയെഴുതാൻ അവസരമുണ്ടായിരുന്നുവെങ്കിലും അതിന് സമയം നൽകാതെ ഏജന്റ് അവരെ സൗദിയിലേക്ക് കയറ്റി വിടുകയായിരുന്നുവെന്ന് പരാതിയുണ്ട്.