ഒരു മാസത്തിലധികം ഐസിയുവിൽ കഴിഞ്ഞ ഉംറ തീർത്ഥാടകയെ സുരക്ഷിതമായി നാട്ടിൽ എത്തിച്ചു

0
1649

മക്ക: ഉംറക്ക് വന്ന് മക്കയിൽ അസുഖബാധിതയായി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന മലയാളി വനിത തീർത്ഥാടകയെ സുരക്ഷിതമായി നാട്ടിൽ എത്തിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശിനി സഫിയ (57) യെയാണ് 40 ദിവസത്തെ ഐ സി യു, പിന്നീട് വാർഡ്‌ ചികിത്സകൾക്ക് ശേഷം നാട്ടിലെത്തിച്ചത്. കഴിഞ്ഞ ഡിസംബർ 18 നു ഭർത്താവിനോടൊപ്പം ഉംറക്ക് എത്തിയ ഇവരെ ഏതാനും ദിവസങ്ങൾക്ക് ശേഷം അസുഖബാധിതയായി കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ പ്രവേശിക്കുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ 40 ദിവസം ഐ സി യു വിലും പിന്നെ വാർഡിലേക്കും മാറ്റി. തുടർന്ന് ഫെബ്രുവരി 5 നു ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സഊദി എയർ ലൈൻ വിമാനത്തിൽ പ്രത്യേക സ്‌ട്രെക്ച്ചർ സൗകര്യത്തിൽ എത്തിച്ചു. കൊച്ചിയിൽ നോർക്ക സഹായത്തോടെ ആംബുലൻസിൽ കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഉംറ ഇൻഷുറൻസിലെ ചില അവ്യക്തതകൾ കാരണം യാത്രചെലവായ 23 ,618 റിയാൽ കുടുംബം വഹിക്കുകയായിരുന്നു. അൽ ഐനിലുള്ള മകൻ മുനീർ പരിചരണത്തിന് മക്കയിലേക്ക് വന്നിരുന്നു. സഊദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടീവ് അംഗവും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി മുഴുവൻ യാത്ര രേഖകൾ ശരിയാക്കുകയും രോഗിയെ കോഴിക്കോട് വരെ അനുഗമിക്കുകയും ചെയ്തു.

അസുഖബാധിതതരായ തീർത്ഥാടകർക്ക് നാട്ടിലേക്ക് പോകാനുള്ള ചിലവ്, ജിദ്ദ എയർപോർട്ടിലേക്ക് സൗജന്യ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുക, ഉംറ ഇൻഷുറൻസിലെ ആനുകൂല്യങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത പൂർണ്ണമായും പ്രയോജനപ്പെടുന്ന രീതിയിൽ ഇടപെടലുകൾ നടത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കേന്ദ്ര വിദേശ കാര്യ മന്ത്രാലയം, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, നോർക്ക എന്നിവർക്ക് ഷമീം നരിക്കുനി പരാതി നൽകി . അസുഖ ബാധിതരായ തീർത്ഥാടകരുടെ കാര്യത്തിൽ ഉംറ ഗ്രൂപ്പുകൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും ഗ്രുപ്പുകൾ ചേർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്ക് ഒരു മെഡിക്കൽ കോ ഓർഡിനേറ്ററുടെ സംവിധാനം ഏർപ്പെടുത്തിയാൽ വളരെ ആശ്വാസമാണെന്നും ഷമീം നരിക്കുനി ഓർമപ്പെടുത്തി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക