വിമാനത്തിൽ കയറാനായില്ല, ദേഷ്യത്തിൽ വ്യാജ ബോംബ് ഭീഷണി: മലയാളി യുവതി അറസ്റ്റിൽ

0
2829

ബംഗളൂരു: വിമാനത്തിൽ കയറാനാകാത്തതിനെ തുടർന്ന് ദേഷ്യത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി യുവതി അറസ്റ്റിൽ. ബംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ കോഴിക്കോട് സ്വദേശിനി മാനസി സതീബൈനു (31) ആണ് അറസ്റ്റിലായത്. വിമാനത്തിൽ കയറാനാവാഞ്ഞതിന്റെ ദേഷ്യത്തിൽ മാനസി ബോംബ് ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് വിവരം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊൽക്കത്തയ്ക്കുള്ള ഇൻഡിഗോ വിമാനത്തിൽ കയറാനാണ് മാനസി കെംപഗൗഡെ വിമാനത്താവളത്തിലെത്തുന്നത്. എന്നാൽ മാനസി എത്തുമ്പോഴെക്കും വിമാനത്തിന്റെ ബോർഡിംഗ് സമയം അവസാനിച്ചിരുന്നു. ഇതിനാൽ അധികൃതർ ഉള്ളിലേക്ക് കടത്തി വിട്ടില്ല. ഏറെ തവണ പറഞ്ഞിട്ടും ഉദ്യോഗസ്ഥർ വഴങ്ങാതെ വന്നതോടെ മാനസി ബഹളം തുടങ്ങുകയും ഗെയ്റ്റിനടുത്തേക്ക് നീങ്ങി യാത്രക്കാരോട് വിമാനത്താവളത്തിൽ ബോംബ് ഉണ്ടെന്നും ഓടി രക്ഷപെടൂവെന്നും വിളിച്ചു പറയുകയും ചെയ്തു.

തടയാൻ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥൻ സന്ദീപ് സിങ്ങിനെ യുവതി അസഭ്യം പറയുകയും കോളറിൽ പിടിച്ചു വലിക്കുകയും ചെയ്തതായാണ് വിവരം. ഇദ്ദേഹം നൽകിയ പരാതിയിൽ പൊലീസ് ഉടൻ തന്നെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി 505, 323, 353 സെക്ഷനുകൾ പ്രകാരമാണ് കേസ്. അതേസമയം, ചില കാരണങ്ങളാൽ മാനസി പിരിമുറുക്കത്തിലായിരുന്നെന്നും ഇവരുടെ പ്രവൃത്തിയിൽ ക്ഷമ ചോദിക്കുന്നുവെന്നും ഉദ്യോഗസ്ഥരോട് മാനസിയുടെ കുടുംബം പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക