പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എൻജിന് തീ പിടിച്ച് ടയറുകൾ പൊട്ടിത്തെറിച്ചു

0
2092

ബാങ്കോംങ്: വിമാനത്തിന്റെ എൻജിന് തീ പിടിച്ച് ടയറുകൾ പൊട്ടിത്തെറിച്ചു. റഷ്യൻ ചാർട്ടർ വിമാനക്കമ്പനിയായ അസൂർ എയറിന്റെ ബോയിങ്ങ് 767 306ER എന്ന വിമാനമാണ് അപകടത്തിൽപെട്ടത്.

12 ജീവനക്കാരും 309 യാത്രക്കാരുമായി പറന്നുയരുന്നതിനിടെ, എൻജിന് തീ പിടിച്ചതിനെ തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും അടിയന്തരമായി ഇറക്കുകയായിരുന്നു.

തായ്‌ലൻഡിലെ ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. 190 കിലോമീറ്റർ വേഗതയിൽ പറന്നുയരുന്നതിനിടെയാണ് വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിന് കേടുപാടുകൾ സംഭവിച്ചതെന്ന് തായ്-റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫ്‌ളൈറ്റ് റഡാറിൽ ശക്തമായ ഒരു തള്ളൽ രേഖപ്പെടുത്തി. പിന്നാലെ ശക്തമായൊരു സ്‌ഫോടന ശബ്ദം ഉയരുകയായിരുന്നു. ഇതോടെ വിമാനത്താവള ജീവനക്കാർ ടേക്ക് ഓഫ് പിൻവലിച്ചു. തുടർന്ന് പൈലറ്റ് സഡൻ ബ്രേക്ക് ഉപയോഗിക്കുകയും വിമാനത്തിന്റെ ചക്രങ്ങൾ ശക്തമായി റൺവേയിൽ ഉരസി ടയർ പൊട്ടിത്തെറിക്കുകയുമായിരുന്നു.