ഒടുവിൽ ആഗ്രഹം സഫലമായി…….; ശിഹാബ് ചോറ്റൂർ പാകിസ്ഥാനിലേക്ക്

0
9553

മലപ്പുറം: ഹജ്ജ് ചെയ്യാൻ കാൽനടയായി മലപ്പുറത്തുനിന്ന് മക്കയിലേക്ക് പുറപ്പെട്ട ശിഹാബ് ചോറ്റൂർ അതിർത്തി കടക്കാൻ മണിക്കൂറുകൾ ബാക്കി. പാകിസ്താന്‍റെ ട്രാൻസിറ്റ് വിസക്കായി കാത്ത് നിന്ന ശിഹാബ് തന്റെ നിലവിലെ സന്തോഷം പങ്കിട്ട് ഫേസ്ബുക്ക് ലൈവിൽ എത്തി. പാകിസ്ഥാനിലേക്ക് കടക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് എന്റെ മുന്നിൽ ഉള്ളതെന്നും എല്ലാ പ്രതിസന്ധികളും മാറിയെന്നും ശിഹാബ് വിശദീകരിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജൂൺ രണ്ടിന് യാത്ര പുറപ്പെട്ട ആതവനാട് ചോറ്റൂർ ചേലമ്പാടൻ സൈതലവി – സൈനബ ദമ്പതികളുടെ മകനായ ശിഹാബ് വാഗാ അതിർത്തിയിൽനിന്ന് 15 കിലോമീറ്റർ അകലെ എത്തിയതിനു ശേഷം പിന്നീട് അഭ്യൂഹങ്ങളുടെ വാർത്തകൾ ആയിരുന്നു പരന്നിരുന്നത്. യാത്ര തുടങ്ങിയത് മുതൽ 8640 കിലോമീറ്റർ പിന്നിട്ട് മക്കയിൽ എത്തിച്ചേരേണ്ട ശിഹാബ് ഇന്ത്യയിൽ വെച്ച് തന്നെ യാത്ര അവസാനിപ്പിച്ചുവെന്നും പാകിസ്ഥാൻ വിസ നിഷേധിച്ചു എന്നും ഉൾപ്പെടെയുള്ള വാർത്തകൾ പരന്നിരുന്നു. ഒടുവിലാണ് എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് കാലെടുത്തു വെക്കുന്ന കാര്യം ശിഹാബ് തന്നെ ഇന്ന് വെളിപ്പെടുത്തിയത്.

പാകിസ്താൻ വിസ നിഷേധിച്ചെന്ന് സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണങ്ങൾ നടക്കുന്നതിനിടെ തന്‍റെ യൂട്യൂബ് ചാനലിൽ വിശദീകരണവുമായി നേരത്തെ ശിഹാബ് രംഗത്ത് എത്തിയിരുന്നു. പാകിസ്താൻ വിസ നിഷേധിച്ചെന്ന പ്രചാരണം പച്ചക്കള്ളമാണ്. വിസ കാറ്റഗറിയിലുള്ള പ്രശ്നം മൂലമാണ് തടസ്സം നേരിടുന്നതെന്നും അന്ന് ശിഹാബ് വിശദീകരിച്ചിരുന്നുവെങ്കിലും ചില ഓൺലൈൻ മാധ്യമങ്ങളും യുട്യൂബ്, ഫേസ്ബുക്ക് വ്ലോഗർമാരും കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

പാകിസ്താൻ ടൂറിസ്റ്റ് വിസ അനുവദിക്കാൻ തയാറാണ്. അതിന് 90 ദിവസത്തെ കാലാവധിയാണ്. അതിനുള്ളിൽ പാകിസ്താൻ – ഇറാൻ അതിർത്തിയായ തഫ്താനിൽ എത്താൻ സാധ്യമല്ല. മാത്രവുമല്ല, ടൂറിസ്റ്റ് വിസ ഉപയോഗിച്ച് മറ്റൊരു രാജ്യത്തേക്ക് കടക്കാൻ സാധ്യമല്ല. ഇന്ത്യയിൽനിന്ന് വാഗ അതിർത്തി വഴി പാകിസ്താനിൽ പ്രവേശിച്ചിട്ട് ഇറാൻ അതിർത്തി വരെ പോയി ഇന്ത്യയിലേക്ക് തിരികെ വരാം. എന്നാൽ അവിടെനിന്ന് മറ്റൊരു രാജ്യത്തേക്ക് കടക്കാൻ ട്രാൻസിറ്റ് വിസ ലഭിക്കണം. ട്രാൻസിറ്റ് വിസ ലഭിക്കാൻ ഇന്ത്യൻ വിദേശകാര്യ വകുപ്പിന്‍റെ ഒരു രേഖ കൂടി ലഭിക്കാനുണ്ട്. അതിനുള്ള കാത്തിരിപ്പിലാണ്. അത് ഉടൻ ശരിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്ര തടസ്സം നേരിടാതിരിക്കാനാണ് ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താതിരുന്നതെന്നും അദ്ദേഹം അന്ന് പുറത്തിറക്കിയ വീഡിയോയിൽ പങ്കുവെച്ചിരുന്നു.

മൂന്ന് മാസത്തെ വിസയാണ് ഇറാനും ഇറാഖും അനുവദിച്ചിരുന്നത്. അത് ഒരുവർഷത്തേക്ക് നീട്ടി അവർ തന്നെ നൽകിയിട്ടുമുണ്ട്. സഊദി ടൂറിസ്റ്റ്, ബിസിനസ് വിസയും കാൽനടയായി ഹജ്ജിന് പോകുന്നതിനുള്ള വിസയും ഒരു വർഷത്തേക്ക് അനുവദിച്ചിട്ടുണ്ടെന്നും ശിഹാബ് വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം ആതവനാട്ടിൽനിന്ന് 3200 കിലോമീറ്റർ സഞ്ചരിച്ച് പഞ്ചാബിലെ ഖാസയിൽ സുഹൃത്തുക്കളോടൊപ്പമായിരുന്നു ശിഹാബ് താമസിച്ചിരുന്നത്.

ഞാൻ തനിച്ചാണ് യാത്ര ചെയ്യുന്നത്. ഇന്ത്യയിൽ തനിക്കൊപ്പം യാത്ര ചെയ്യാൻ ആരെയും ഏർപ്പാടാക്കിയില്ലെന്നും പാകിസ്ഥാൻ, ഇറാൻ രാജ്യങ്ങളിലും തന്റെ യാത്രക്കൊപ്പം ആരെയും ഏർപ്പാട് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയ ശിഹാബ് പാകിസ്ഥാൻ മണ്ണിൽ എത്തി രണ്ട് റകഅത് നിസ്കാരം നിർവ്വഹിക്കാൻ തിടുക്കം ആകുന്നുവെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു. ശിഹാബ് ഇന്ന് പുറത്തു വിട്ട വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Pakistan | New update | Shihab chottur official | Kerala to Makkah by foot |

Posted by Shihab Chottur on Saturday, 4 February 2023